ആഡംബര കപ്പലുകൾ കാത്ത് വിഴിഞ്ഞം
വിഴിഞ്ഞം: വികസനക്കുതിപ്പ് തുടരുന്ന വിഴിഞ്ഞത്ത് ക്രൂയിസ് കപ്പലുകളെത്തിക്കാൻ ഊർജിത ശ്രമം. ടൂറിസം രംഗത്ത് പശ്ചാത്തല സൗകര്യമൊരുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി. ഇതിനായി 50 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും.
രണ്ടും മൂന്നും നാലും ഘട്ട നിർമ്മാണങ്ങളുടെയും കരമാർഗമുള്ള താത്കാലിക ചരക്കുനീക്കത്തിന്റെയും ഉദ്ഘാടനം ജനുവരി രണ്ടാം വാരത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ തീയതി ലഭിച്ചാലുടൻ ഉദ്ഘാടനത്തീയതി പ്രഖ്യാപിക്കും. വാണിജ്യ തുറമുഖമായതിന്റെ ഒന്നാം വാർഷികം മന്ത്രി കേക്ക് മുറിച്ച് ആഘോഷിച്ചു.
തുറമുഖത്തെ ടോൾഫിൻ ടഗ്ഗിൽ മാദ്ധ്യമപ്രവർത്തകരെയും കൂട്ടി മന്ത്രി യാത്ര ചെയ്‌തു. പോർട്ട് സെക്രട്ടറി എ.കൗശികൻ,വിസിൽ എം.ഡി ദിവ്യ എസ്.അയ്യർ,അദാനി പോർട്ട്സ് ആന്റ് സീസ് സി.ഇ.ഒ പ്രദീപ് ജയരാമൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അടുത്ത ഘട്ടങ്ങൾ
നിലവിൽ 800 മീറ്റർ ബർത്ത് 2000 മീറ്ററാക്കും
2.96 കിലോമീറ്റർ പുലിമുട്ട് 920 മീറ്റർ കൂടി വർദ്ധിപ്പിക്കും
ടൂറിസത്തിന് സ്ഥലം
50 ഹെക്ടർ ഭൂമിയിൽ യാർഡ് വികസനം,സെക്യൂരിറ്റി സംവിധാനം,കസ്റ്റംസ്,പൊലീസ് എയ്ഡ് പോസ്റ്റ് ഉൾപ്പെടെയുള്ളവയ്ക്കായി ഭൂമി ഉപയോഗിക്കും. ബർത്തിനായി കടൽ നികത്തി ഭൂമി കണ്ടെത്തും. കിൻഫ്ര ഉൾപ്പെടെയുള്ള സർക്കാർ സംവിധാനം ഇതിനായി ഉപയോഗിക്കും. നിലവിൽ നേരിട്ട് 1000ഓളം പേർക്ക് തൊഴിൽ നൽകി. അടുത്ത ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ 6000ലധികം പേർക്ക് നേരിട്ട് മാത്രം തൊഴിൽ നൽകാനാകും.
സർക്കാരിന് ഇതുവരെ ലഭിച്ച വരുമാനം - 97 കോടി