മോദിയുടെ ശ്രമം തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ: വി.ഡി സതീശൻ
Wednesday 17 December 2025 1:40 AM IST
തിരുവനന്തപുരം: 2005 ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതിയിൽ നിന്ന് മഹാത്മാവിന്റെ പേര് വെട്ടിയാൽ അദ്ദേഹത്തിന്റെ ആശയങ്ങൾ വിസ്മൃതിയിലാകുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കും. ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ തീരുമാനം മോദി സർക്കാർ അടിയന്തരമായി പിൻവലിക്കണം. രാഷ്ട്രപിതാവിന്റെ ഘാതകർ ഗാന്ധിജിയുടെ പേരിനെയും ഓർമകളെയും ഭയക്കുന്നു. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. കോൺഗ്രസും നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബി.ജെ.പി സർക്കാർ മറക്കരുതെന്നും സതീശൻ പറഞ്ഞു.