ആലപ്പുഴ നഗരസഭ: ജോസ് ചെല്ലപ്പന്റെ തീരുമാനം ഉടൻ
Wednesday 17 December 2025 8:41 AM IST
ആലപ്പുഴ: കേവലഭൂരിപക്ഷമില്ലാത്ത ആലപ്പുഴ നഗരസഭയിൽ നിർണായകമായ സ്വതന്ത്ര സ്ഥാനാർത്ഥി ജോസ് ചെല്ലപ്പന്റെ തീരുമാനം ഉടൻ. ആർക്കൊപ്പം നിൽക്കണമെന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും താൻ മുന്നോട്ടുവച്ച വികസന നയരേഖ അംഗീകരിച്ച മുന്നണിക്കൊപ്പമാണ് നിൽക്കുകയെന്നും ജോസ് ചെല്ലപ്പൻ പറഞ്ഞു. പിന്തുണ തേടി തന്നെ സമീപിച്ച ഇരുമുന്നണികളോടും ജോസ് ചെല്ലപ്പൻ വൈസ് ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ജോസ് ചെല്ലപ്പന് പുറമെ പി.ഡി.പിയുടെയും പിന്തുണ തേടി ഭരണം നിലനിറുത്താനുള്ള ശ്രമവും എൽ.ഡി.എഫ് നടത്തുന്നുണ്ട്. എന്നാൽ ജോസ് ചെല്ലപ്പന്റെ പിന്തുണ ഉറപ്പാണെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. സാധാരണ ലീഗിന് നൽകാറുള്ള വൈസ് ചെയർമാൻ സ്ഥാനം ജോസ് ചെല്ലപ്പൻ ആവശ്യപ്പെട്ടതിനാൽ ലീഗിന് പൊതുമരാമത്തോ ആരോഗ്യ സ്ഥിരം സമിതിയോ നൽകിയാൽ മതിയാകുമെന്നാണ് കണക്കുകൂട്ടലുകൾ.