പ്രചരണത്തിനിറങ്ങാനാവാതെ പ്രീത, വോട്ടുചെയ്ത് വിജയിപ്പിച്ച് നാട്ടുകാർ
മാന്നാർ: നാടും നഗരവും തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നിറഞ്ഞപ്പോൾ, വോട്ടർമാരെ നേരിൽ കാണാൻ കഴിയാതെ വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ സ്ഥാനാർത്ഥിയെ നാട്ടുകാർ വോട്ട് ചെയ്ത് വിജയിപ്പിച്ചു. മാന്നാർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രീത ആർ.നായരാണ് തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ നേരിട്ട് പ്രചരണത്തിനിറങ്ങൻ കഴിയാഞ്ഞിട്ടും നാട്ടുകാർ വിജയിപ്പിച്ചത്. ഈ മാസം ഒന്നിന് രാവിലെ കുരട്ടിക്കാട് എസ്.എൻ.ഡി.പി ശാഖാ യോഗത്തിലെ വിളയിൽ മഹാദേവ ക്ഷേത്രത്തിലും കുരട്ടിക്കാട് പാട്ടമ്പലം ദേവീ ക്ഷേത്രത്തിലും ദർശനവും വഴിപാടുകളും നടത്തി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പ്രീത അപകടത്തിൽപ്പെട്ടത്.
മാന്നാർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത് ശ്രീരംഗം കഴിഞ്ഞ തവണ വിജയിച്ച വാർഡ് ഇത്തവണ പ്രീതയിലൂടെ ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. 326 വോട്ട് നേടി അമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രീത വിജയിച്ചത്. ശോഭനാമ്മ. കെ. (കോൺ.-276), സുജാത ജയൻ (എൽ.ഡി.എഫ്. സ്വത.-223) എന്നിവരായിരുന്നു എതിരാളികൾ.
അമ്മയ്ക്ക് വേണ്ടി വീടുകൾ
കയറിയത് മകൾ
പാട്ടമ്പലത്തിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട കാർ പ്രീത സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് പരുമലയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസ തേടിയ പ്രീതയുടെ നെറ്റിയിലും തലയിലുമായി 28 തുന്നലുകൾ വേണ്ടി വന്നു. തുടർന്ന് പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചതോടെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. പിന്നീട് ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ മകൾ ഹർഷയായിരുന്നു അമ്മക്കുവേണ്ടി വീടുകൾ തോറും കയറിയിറങ്ങിയത്. തിരഞ്ഞെടുപ്പ് ദിവസം അല്പനേരം മാത്രമാണ് പ്രീത വോട്ടെടുപ്പ് കേന്ദ്രമായ ശ്രീഭൂവനേശ്വരി സ്കൂളിൽ എത്തി വോട്ടർമാരെ കണ്ടത്. 13 ന് മാവേലിക്കരയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയ പ്രീതയെ വിജയവാർത്തയാണ് എതിരേറ്റത്. എല്ലാം വിളയിൽ മഹാദേവന്റെയും പാട്ടമ്പലത്തിലമ്മയുടെയും അനുഗ്രഹമെന്ന് പറയുന്ന പ്രീത, ജനങ്ങൾ എന്നോട് കാട്ടിയ സ്നേഹത്തിന് പകരമായി ഈ വാർഡിന്റെ സേവകയായി അവരോടൊപ്പം ഉണ്ടാകുമെന്നും ഉറപ്പ് നൽകുന്നു.