കുട്ടനാട്ടിലെ തോൽവി: സി.പി.എം- സി.പി.ഐ പോര്

Wednesday 17 December 2025 1:46 AM IST

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ പരസ്പരം പഴിച്ച് സി.പി.എമ്മും സി.പി.ഐയും. മുന്നണി മര്യാദകൾ പാലിക്കാതെയാണ് സി.പി.ഐ കുട്ടനാട്ടിൽ ഒറ്റയ്ക്ക് മത്സരിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ. എന്നാൽ, തോൽവി സി.പി.ഐയുടെമേൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എസ്.സോളമന്റെ മറുപടി. സി.പി.എം നൽകുന്ന വിജയ സാദ്ധ്യതയില്ലാത്ത രണ്ട് സീറ്റിൽ മത്സരിക്കാനല്ല സി.പി.ഐ രംഗത്തിറങ്ങുന്നതെന്നും സോളമൻ പറഞ്ഞു.

കുട്ടനാട്ടിൽ രാമങ്കരിയിലും മുട്ടാറിലും മുന്നണിയില്ല. മുന്നണിയുണ്ടെങ്കിലേ മുന്നണി മര്യാദയുള്ളു. കൂടിയാലോചനകളില്ലാതെ സ്ഥാനാർത്ഥികളെ നിറുത്തിയ സി.പി.എമ്മാണ് മുന്നണി മര്യാദ ലംഘിച്ചത്. കൈനകരി പഞ്ചായത്ത് സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ്. അവിടെ തോറ്റത് സി.പി.ഐയുടെ കുറ്റംകൊണ്ടല്ല. സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സോളമൻ കുറ്റപ്പെടുത്തി.