ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കുമെന്ന് ജോസ്
Wednesday 17 December 2025 1:54 AM IST
തിരുവനന്തപുരം: ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് (എം) ഉറച്ചുനിൽക്കുമെന്ന് ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. പാലായിലുൾപ്പെടെ മദ്ധ്യതിരുവിതാംകൂറിൽ പാർട്ടിക്ക് സംഘടനാപരമായ ഭദ്രത നിലനിറുത്താൻ കഴിഞ്ഞിട്ടുണ്ട്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് ഗ്രൂപ്പിന്റേത്. കോൺഗ്രസ് എന്തെങ്കിലും കൊടുത്താൽ മേടിച്ചെടുക്കുക മാത്രമാണ് അവർ ചെയ്യുന്നത്.
പാലായിലും തൊടുപുഴയിലും രണ്ടില കരിഞ്ഞു പോയിട്ടില്ല. പാലാ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും പത്തു സീറ്റിൽ വിജയിച്ചു. പാർട്ടിക്കു തന്നെയാണ് കേവലഭൂരിപക്ഷം. പാലാ നിയമസഭാ മണ്ഡലത്തിൽ 2198 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.ഫിനു ലഭിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയിൽ രണ്ടിടത്തു മാത്രമാണ് ജോസഫ് ഗ്രൂപ്പ് ജയിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ തിരിച്ചടിയുണ്ടായെന്നും ജോസ് കെ. മാണി പറഞ്ഞു.