ആറ്റിപ്ര വില്ലേജ് ഓഫീസ് കൈയടക്കി തെരുവുനായ്ക്കൾ

Wednesday 17 December 2025 1:56 AM IST

കുളത്തൂർ: ആറ്റിപ്ര വില്ലേജ് ഓഫീസും പരിസരവും തെരുവുനായ്ക്കൾ കൈയടക്കിയ നിലയിൽ. പകൽനേരത്ത് പതിനഞ്ചോളം നായ്ക്കൾ ഓഫീസ് വരാന്തയിലും മുൻവശത്തും തമ്പടിച്ച് കിടക്കുന്നതിനാൽ വിവിധാവശ്യങ്ങൾക്കായി എത്തുന്നവർ ഭയത്തിലാണ്.

ഓഫീസ് ജീവനക്കാരെത്തി ഇവയെ ആട്ടിയോടിച്ചാലും പോകില്ല. നായ ശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് അധികൃതർ ബന്ധപ്പെട്ട വകുപ്പുകൾക്കും മറ്റും പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.

ഓഫീസ് പ്രവർത്തനം കഴിഞ്ഞ് ജീവനക്കാർ ഓഫീസ് പൂട്ടി മടങ്ങുന്നതോടെ ഓഫീസും പരിസരവും പൂർണമായും നായ്ക്കളുടെ നിയന്ത്രണത്തിലാകും. രാത്രിയിൽ സമീപ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ നായ്ക്കൾ ഇവിടേക്ക് എത്തുന്നതായും, മുന്നിലെ റോഡിലൂടെ നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.

ടൂവിലർ യാത്രക്കാരെ നായ്ക്കൾ പിന്നാലെയെത്തി കൂട്ടത്തോടെ ആക്രമിക്കുന്ന സംഭവമുണ്ട്. വന്ധ്യംകരണ - പ്രതിരോധ കുത്തിവയ്പ് പദ്ധതികളുടെ ഭാഗമായി നഗരസഭ പിടികൂടി കൊണ്ടുപോകുന്ന നായ്ക്കളുടെ ഇരട്ടിയാണ് തിരികെ കൊണ്ടുവിടുന്നത്. നായശല്യം ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.