അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു
കരുനാഗപ്പള്ളി: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മത്സ്യത്തൊഴി മരിച്ചു. ആലപ്പാട് ചെറിയഴീക്കൽ, സി.എഫ്.എ ഗ്രൗണ്ടിന് സമീപം വിനായകർ ഭവനത്തിൽ ലാൽ വിനായകനാണ് (52) മരിച്ചത്.
ഞായറാഴ്ച രാത്രി 7ന് ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപം വച്ച് ലാൽ വിനായകനും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന ഇലക്ട്രിക് സ്കൂട്ടർ തട്ടിയാണ് അപകടമുണ്ടായത്. ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാലിന് ഒപ്പമുണ്ടായിരുന്ന ഭാര്യക്കും എതിർശയിൽ വന്ന സ്കൂട്ടർ യാത്രക്കാരും പരുക്കുകളോടെ രക്ഷപ്പെട്ടു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ മസ്തിഷ്ക മരണം സംഭവിച്ചതായി മനസിലാക്കിയതിനെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ കഴിഞ്ഞ ദിവസം തീരുമാനിച്ചെങ്കിലും ഇത് സംബന്ധിച്ച കൂടുതൽ പരിശോധനയിൽ മസ്തിഷ്ക മരണം സംഭവിച്ചതായി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നീക്കം ഉപേക്ഷിച്ചു.
തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച രാത്രി 9 ഓടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തും. ഭാര്യ: അശ്വതി. മക്കൾ: അഭിഷേക്, അഹല്യ.