തൊഴിലുറപ്പ് പരിഷ്കരണ ബിൽ ലോക്‌സഭയിൽ

Wednesday 17 December 2025 12:26 AM IST

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ (എം‌.ജി‌.എൻ‌.ആർ‌.ഇ‌.ജി‌.എ) പരിഷ്കരിക്കുന്ന വിബി- ജി റാം ജി ബിൽ 2025 (വികസിത ഭാരത്- ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ- ഗ്രാമീൺ) ലോക്‌സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ എതിർപ്പിനെ മറികടന്നാണ് ബിൽ അവതരിപ്പിച്ചത്. ഗാന്ധിജിക്ക് അപമാനമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.

ഗാന്ധിജിയുടെ ഫോട്ടോ കൈയിലേന്തിയ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. കൂടുതൽ പരിശോധനയ്ക്കായി ബിൽ പാർലമെന്ററി പാനലിന് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സഭ നിറുത്തിവച്ചപ്പോൾ പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ ധർണ നടത്തി. ഇന്ന് ജില്ലാ ആസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

ബിൽ അവതരണത്തെ എതിർത്ത വയനാട് എം.പി പ്രിയങ്കാഗാന്ധി,​ ചിലരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും മുൻവിധിയും അടിസ്ഥാനമാക്കി നിയമങ്ങൾ കൊണ്ടുവരരുതെന്ന് ചൂണ്ടിക്കാട്ടി. പുതിയ ബിൽ ഗ്രാമസഭകളുടെ പങ്കിനെ ദുർബലപ്പെടുത്തും. കോൺഗ്രസ് കാലത്ത് കൊണ്ടുവന്ന പദ്ധതികളുടെ പേരുമാറ്റുന്നത് പതിവായിരിക്കുകയാണ്. കേന്ദ്ര സംഭാവന 60 ശതമാനമായി കുറച്ചത് ജി.എസ്.ടി കുടിശിക അടക്കം കിട്ടാത്ത സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

പേരുമാറ്റിയതിലുള്ള എതിർപ്പ് 'ഗാന്ധി" കുടുംബമായതുകൊണ്ടാണെന്ന ട്രഷറി ബെഞ്ചിൽ നിന്നുള്ള കമന്റിന് പ്രിയങ്കയുടെ മറുപടി ഇങ്ങനെ; 'മഹാത്മാഗാന്ധി തന്റെ കുടുംബാംഗമല്ല. എന്നാൽ കുടുംബാഗത്തെപ്പോലെയാണ് കാണുന്നത്. ഈ രാജ്യം മുഴുവൻ അങ്ങനെ കരുതുന്നു".

ഗ്രാമവികസനം ലക്ഷ്യമിടുന്ന പുതിയ പദ്ധതിയിലൂടെ ഗ്രാമസ്വരാജ് എന്ന ഗാന്ധിജിയുടെ സ്വപ്‌നമാണ് സാക്ഷാത്‌ക്കരിക്കപ്പെടുന്നതെന്ന് കൃഷി മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ മറുപടി പറഞ്ഞു. ബില്ലിലെ രാമന്റെ പേരും ഗാന്ധിജിയുടെ ആദർശങ്ങൾക്ക് അനുസരിച്ചാണെന്നും കൂട്ടിച്ചേർത്തു.

 ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ള ധനസഹായം മാറ്റിയതും മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതും അധാർമ്മികം.

- ശശി തരൂർ

 എപ്പോഴും ഗാന്ധിജിയുടെ പേരുപറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റുന്നത് ന്യായീകരിക്കാനാകില്ല.

- കെ.സി.വേണുഗോപാൽ

 മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയത് ഭരണഘടനയുടെ അനുച്ഛേദം 51 (എ) ബിയുടെ നഗ്നമായ ലംഘനം. പദ്ധതി നടപ്പാക്കണമെങ്കിൽ കേരളത്തിന് പ്രതിവർഷം 2,​500 കോടി രൂപയുടെ അധിക ബാദ്ധ്യത ഏറ്റെടുക്കേണ്ടിവരും.

- എൻ.കെ.പ്രേമചന്ദ്രൻ