18 വയസു കഴിഞ്ഞവരിൽ അഞ്ച് ശതമാനത്തിന് വിഷാദരോഗം
ഇന്ന് ലോക മാനസികാരോഗ്യദിനം. 'മാനസികാരോഗ്യ പരിപോഷണവും ആത്മഹത്യാ പ്രതിരോധവും" എന്നതാണ് ഈ വർഷത്തെ ചർച്ചാവിഷയം. ലോകത്ത് ആത്മഹത്യാനിരക്ക് വർദ്ധിച്ചുവരികയാണ്. ആഗോളാടിസ്ഥാനത്തിൽ ജനങ്ങളെ ബോധവത്കരിച്ച് ആത്മഹത്യയെന്ന സാമൂഹ്യവിപത്തിനെ പ്രതിരോധിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പ്രതിവർഷം എട്ടുലക്ഷത്തോളം പേർ ആഗോളാടിസ്ഥാനത്തിൽ ആത്മഹത്യ ചെയ്യുന്നു (40 സെക്കൻഡിൽ ഒരാൾ വീതം) എന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെടുന്നവരുടെ എണ്ണം ഇതിന്റെ ഇരുപത് ഇരട്ടിയാണ്. ഭാരതത്തിന്റെ സ്ഥിതി കൂടുതൽ ആശങ്കാജനകമാണ്. ലോകജനസംഖ്യയുടെ 17.5 ശതമാനമാണ് ഇന്ത്യക്കാരെങ്കിലും ലോകത്തു നടക്കുന്ന ആത്മഹത്യയുടെ 17 ശതമാനവും ഇന്ത്യയിലാണ് ! മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, കർണാടകം, തെലുങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് 2015 ൽ കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടുലക്ഷത്തി മുപ്പതിനായിരത്തി മുന്നൂറ്റിപതിനാലു പേരാണ് ഇൗ കാലയളവിൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്.
കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2015 ൽ കേരളത്തിൽ 7692 പേരാണ് ആത്മഹത്യ ചെയ്തത് (ഒരുലക്ഷം പേർക്ക് 22.6 ) ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. (ലക്ഷത്തിന് 11). എന്നിരുന്നാലും കേരളത്തിൽ ആത്മഹത്യാനിരക്കു കുറഞ്ഞു വരികയാണ്. 2013 ലും 2014 ലും ഇത് യഥാക്രമം ഒരുലക്ഷത്തിന് 25.6 ഉം 24.90 ആയിരുന്നു. 2016 മേയ് മാസംമുതൽ നാളിതുവരെ കേരളത്തിൽ 12988 പേർ ആത്മഹത്യ ചെയ്തു എന്നാണ് സർക്കാരിന്റെ കണക്ക്. ആത്മഹത്യാനിരക്ക് കുറയുകയാണെങ്കിലും സംസ്ഥാനത്ത് യുവജനങ്ങളുടെ ആത്മഹത്യയും കുടുംബ ആത്മഹത്യയും കൂടിവരുന്നതായാണ് കാണപ്പെടുന്നത്.
2015 ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടന്നത് തിരുവനന്തപുരം ജില്ലയിലായിരുന്നു. (ലക്ഷത്തിന് 30.3) ഏറ്റവും കുറവ് മലപ്പുറം ജില്ലയിലും (ലക്ഷത്തിന് 8). സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ആത്മഹത്യ കൂടുതൽ. എന്നാൽ ആത്മഹത്യാശ്രമം നടത്തി പരാജയപ്പെടുന്നതിൽ സ്ത്രീകളാണ് മുന്നിൽ. ആത്മഹത്യ ചെയ്തവരിൽ 75 ശതമാനം പേരും വിവാഹിതരായിരുന്നു എന്നതാണ് മറ്റൊരു കണ്ടെത്തൽ. ആത്മഹത്യ ചെയ്തവരിൽ 90 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരായിരുന്നു. വിഷാദരോഗമാണ് ആത്മഹത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. 18 വയസു കഴിഞ്ഞവരിൽ അഞ്ചുശതമാനം പേർക്ക് വിഷാദരോഗം ബാധിച്ചിരിക്കുന്നു എന്നതാണ് സമീപകാലത്ത് ഇന്ത്യയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്തവരിൽ 66 ശതമാനവും ആത്മഹത്യയ്ക്ക് മുമ്പുള്ള ഒരുമാസ കാലയളവിൽ ശാരീരിക മാനസിക ലക്ഷണങ്ങളുമായി ഡോക്ടറെ സമീപിച്ചിരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിർഭാഗ്യവശാൽ ഇത് തിരിച്ചറിയപ്പെടുന്നില്ല. വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെക്കുറിച്ചുള്ള അജ്ഞത ഇതിന്റെ ഒരു പ്രധാന കാരണമാണ്. ആത്മഹത്യാപ്രതിരോധം സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ആരോഗ്യപ്രവർത്തകർക്കും സമൂഹത്തിനും സർക്കാരിനുമെല്ലാം ഇതിൽ നിർണായക പങ്കാണുള്ളത്. ആത്മഹത്യയിലേക്ക് നയിക്കുന്ന മാനസികാരോഗ്യപ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി ചികിത്സിക്കുകയാണ് പ്രധാനം. ലക്ഷണങ്ങളെപ്പറ്റിയും ഫലപ്രദമായ ചികിത്സയെക്കുറിച്ചും ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് മികച്ച പരിശീലനം നൽകേണ്ടതുണ്ട്. സഹപ്രവർത്തകർക്കോ സുഹൃത്തുക്കൾക്കോ മാനസിക പ്രശ്നങ്ങളോ ആത്മഹത്യാപ്രവണതയോ ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുകയും ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യേണ്ടത് ഒാരോ പൗരന്റെയും ഉത്തരവാദിത്വമാണ്.
(ലേഖകൻ പ്രമുഖ സൈക്യാട്രിസ്റ്റും ശ്രീകാര്യം ഐ.എം.ബി ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനുമാണ്. ഫോൺ: 9020420925.)