കന്നട നടിയെ തട്ടിക്കൊണ്ടുപോയി ഭർത്താവിന്റെ ക്വട്ടേഷനെന്ന് പരാതി
ബഗളൂരു: കന്നട സിനിമ, സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി. പിന്നിൽ ഭർത്താവും നിർമ്മാതാവുമായ ഹർഷവർദ്ധന്റെ ക്വട്ടേഷനെന്ന് പരാതി. ബംഗളൂരുവിലാണ് സംഭവം. ചൈത്രയുടെ സഹോദരി പൊലീസിൽ നൽകിയ പരാതി അനുസരിച്ച് മകളുടെ സംരക്ഷണം ലഭിക്കാൻ വേണ്ടിയാണ് ഹർഷവർദ്ധൻ ക്വട്ടേഷൻ നൽകിയത്. 2023ലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ എട്ട് മാസമായി വേർപിരിഞ്ഞാണ് താമസം. ഹർഷവർദ്ധൻ ഹാസനിലാണ്. ചൈത്ര ഒരു വയസുള്ള മകളോടൊപ്പം മഗഡി റോഡിലെ വാടക വീട്ടിലേക്ക് മാറി.
കഴിഞ്ഞ ഏഴിന് സീരിയൽ ഷൂട്ടിംഗിനായി ചൈത്ര മൈസൂരുവിലേക്ക് പോകവേ കൗശിക് എന്നയാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൗശിക്കിന് അഡ്വാൻസായി 20,000 രൂപയും നൽകി. മൈസൂരു റോഡ് മെട്രോ സ്റ്റേഷന് സമീപം വച്ച് ചൈത്രയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ വിളിക്കുകയും കുട്ടിയെ താൻ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ ചൈത്രയെ വിട്ടുതരാമെന്ന് അറിയിക്കുകയും ചെയ്തു. കുട്ടിയെ അർസികെരെയിലെത്തിക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ ചൈത്രയെ സുരക്ഷിതമായി വിട്ടയയ്ക്കുമെന്ന് അറിയിക്കുകയായിരുന്നു. ചൈത്രയുടെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു.