ബംഗാൾ ചാൻസലറായി ഗവർണർ തുടരും
Wednesday 17 December 2025 1:25 AM IST
ന്യൂഡൽഹി: സർവകലാശാല ചാൻസലറായി മുഖ്യമന്ത്രിയെ നിയമിക്കാനുള്ള ലക്ഷ്യത്തോടെ പശ്ചിമ ബംഗാൾ നിയമസഭ പാസാക്കിയ മൂന്ന് ഭേദഗതി ബില്ലുകൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നിഷേധിച്ചു. ഇതോടെ ഗവർണർ സി.വി. ആനന്ദബോസ് ചാൻസലറായി തുടരും. 2022 ജൂണിൽ നിയമസഭ പാസാക്കിയ പശ്ചിമ ബംഗാൾ സർവകലാശാല നിയമ ഭേദഗതി, ആലിയ സർവകലാശാല ഭേദഗതി ബിൽ, പശ്ചിമ ബംഗാൾ ആരോഗ്യ ശാസ്ത്ര സർവകലാശാല ഭേദഗതി ബിൽ എന്നിവയാണ് രാഷ്ട്രപതി നിരസിച്ചത്. 2024 ഏപ്രിലിൽ ഗവർണർ ഡോ സിവി ആനന്ദബോസ് ഈ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചിരുന്നു. പരിശോധനയ്ക്കു ശേഷം ബില്ലുകൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന് രാഷ്ട്രപതി തീരുമാനിച്ചതായി ലോക്ഭവൻ വക്താവ് അറിയിച്ചു.