ഇന്ത്യ-ജോർദ്ദാൻ കരാറായി: എല്ലോറ ഗുഹ - പെട്ര സംയുക്ത സംരക്ഷണം

Wednesday 17 December 2025 6:39 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ പുരാവസ്‌തു കേന്ദ്രമായ എല്ലോറ ഗുഹയും ജോർദ്ദാനിലെ പ്രശസ്‌‌തമായ പെട്രയും ഇരട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി സംരക്ഷിക്കാനും വികസിപ്പിക്കാനും ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജോർദ്ദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈനും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇരുരാജ്യങ്ങളും കരാറിൽ ഒപ്പിട്ടു.

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു, ബുദ്ധ, ജൈന ക്ഷേത്ര സമുച്ചയമായ എല്ലോറ ഗുഹകൾ എ.ഡി 6-11 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതാണ്. ചൈന, ഈജിപ്ത്, ഗ്രീസ്, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കേന്ദ്രമായിരുന്ന പെട്ര തെക്കുപടിഞ്ഞാറൻ ജോർദ്ദാനിലെ ചെങ്കടലിനും ചാവുകടലിനും ഇടയിൽ സ്ഥിതി ചെയ്യുന്നു. ബി.സി. 300-ൽ അറബ് ഗോത്രമായ നബാറ്റിയക്കാരുടെ തലസ്ഥാനമായിരുന്നു.പെട്ര-എല്ലോറ പദ്ധതി വഴി ഇന്ത്യയിലേക്ക് കൂടുതൽ വിദേശ ടൂറിസ്റ്റുകളെ പ്രതീക്ഷിക്കുന്നു.

# വ്യാപാര ബന്ധം

ശക്തമാക്കും

സാമ്പത്തിക സഹകരണവും ഉഭയകക്ഷി വ്യാപാര ബന്ധവും വർദ്ധിപ്പിക്കും

 ഇന്ത്യാ-ജോർദ്ദാൻ നേരിട്ടുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കും

 കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, സുസ്ഥിര വികസനം മേഖലകളിൽ സഹകരണം

 ജലവിഭവ മാനേജ്മെന്റ്, വികസനം എന്നീ മേഖലകളിൽ സഹകരണം

 കൃഷി, അനുബന്ധ മേഖലകളിൽ സാങ്കേതികവിദ്യയും വൈദഗ്ധ്യവും കൈമാറൽ

ടെലി-മെഡിസിൻ, ആരോഗ്യ പ്രവർത്തകരുടെ പരിശീലനം

ഡിജിറ്റൽ സാങ്കേതികവിദ്യ, വിദ്യാഭ്യാസം മേഖലകളിൽ സഹകരണം

# മോദിക്ക് കാറിൽ 'വി.ഐ.പി യാത്ര"

അമ്മാൻ: ഔദ്യോഗിക പ്രോട്ടോക്കോളുകൾ മറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സൗഹൃദ സൂചകമായി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്ന് ജോർദ്ദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമനും എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിയും.

അബ്ദുള്ള രണ്ടാമൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ജോർദ്ദാനിലെത്തിയത്. രാജാവിന്റെ മകനായ അൽ ഹുസൈൻ രാജ്യത്തെ ഏറ്റവും വലിയ മ്യൂസിയമായ അമ്മാനിലെ 'ജോർദ്ദാൻ മ്യൂസിയത്തിലേക്ക് " പ്രധാനമന്ത്രിയെ എത്തിച്ചത് തന്റെ കാറിലാണ്. പ്രധാനമന്ത്രിയെ ഒപ്പമിരുത്തിയുള്ള ഹുസൈന്റെ കാർ ഡ്രൈവ് വൈറലായി.

ജോർദ്ദാൻ സന്ദർശനം പൂർത്തിയാക്കി ഇന്നലെ വൈകിട്ട് എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബബയിൽ വിമാനമിറങ്ങിയ മോദിയെ പ്രധാനമന്ത്രിയും സമാധാന നോബൽ ജേതാവുമായ അബി അഹമ്മദ് അലി നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രിയെ കാറിലിരുത്തി അലി ഹോട്ടലിലേക്ക് ഡ്രൈവ് ചെയ്തു. ഇതിനിടെ സയൻസ് മ്യൂസിയത്തിലും ഫ്രണ്ട്‌ഷിപ്പ് പാർക്കിലും ഇരുവരും സന്ദർശനവും നടത്തി.

എത്യോപ്യയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. വ്യാപാരം, നിക്ഷേപം, ഗ്ലോബൽ സൗത്ത് സഹകരണം എന്നിവയാണ് പ്രധാന അജണ്ട. എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം ഇന്ന് ഒമാനിലേക്ക് തിരിക്കും.

# ഹിറ്റായി 'കാർ നയതന്ത്രം"

സെപ്തംബറിൽ ചൈനയിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും നയതന്ത്ര ചർച്ചയ്ക്ക് മുമ്പ് ഒരേ കാറിൽ സഞ്ചരിച്ചത് ശ്രദ്ധനേടിയിരുന്നു. ഈ മാസം ആദ്യം ഇന്ത്യയിലെത്തിയപ്പോൾ പുട്ടിൻ ഔദ്യോഗിക വാഹനമായ ഓറസ് സെനറ്റിന് പകരം മോദിക്കൊപ്പം ഇന്ത്യൻ നിർമ്മിത ടൊയോട്ട ഫോർച്യൂണറിൽ സഞ്ചരിച്ചതും നയതന്ത്ര തലത്തിൽ പുതിയ ട്രെൻഡിന് തുടക്കമിട്ടു.

# മോദിക്ക് എത്യോപ്യയുടെ ആദരം

ആഡിസ് അബബ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എത്യോപ്യയുടെ പരമോന്നത ബഹുമതിയായ 'ഗ്രേറ്റ് ഓണർ നിഷാൻ ഒഫ് എത്യോപ്യ" നൽകി ആദരിച്ചു. എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലി ബഹുമതി സമ്മാനിച്ചു. ഇന്ത്യ-എത്യോപ്യ പങ്കാളിത്തം ശക്തമാക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സംഭാവന പരിഗണിച്ചാണ് ആദരം. അംഗീകാരം പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിച്ചു. എത്യോപ്യയിലെ ജനങ്ങൾക്കും അലിക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.