ബി.ബി.സി വിവാദം: 1,000 കോടി ഡോളർ നഷ്ടപരിഹാരം വേണമെന്ന് ട്രംപ്

Wednesday 17 December 2025 6:50 AM IST

വാഷിംഗ്ടൺ: ബ്രിട്ടീഷ് മാദ്ധ്യമമായ ബി.ബി.സിക്കെതിരെ 1,000 കോടി ഡോളറിന്റെ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ ഫെഡറൽ കോടതിയിലാണ് ഫയൽചെയ്തത്. മാനനഷ്ട,​ വ്യാപാര നിയമ ലംഘന ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചത്. ട്രംപിനെക്കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററിയിൽ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലെ എഡിറ്റിംഗ് നടത്തിയത് വിവാദമായിരുന്നു. 2021 ജനുവരിയിലെ കാപിറ്റോൾ കലാപത്തിന് ട്രംപ് ആഹ്വാനം നൽകിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വ്യത്യസ്ത ഭാഗങ്ങൾ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർക്കുകയായിരുന്നു. ഡോക്യുമെന്ററിയിലൂടെ തന്നെ അപകീർത്തിപ്പെടുത്താനും തിരഞ്ഞെടുപ്പിൽ ഇടപെടാനും ശ്രമിച്ചെന്നാണ് ട്രംപിന്റെ ആരോപണം.