സിഡ്നി വെടിവയ്‌പ്: അക്രമി ഹൈദരാബാദ് സ്വദേശി
കാൻബെറ: ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ് നടത്തിയ സാജിദ് അക്രം (50) ഹൈദരാബാദ് സ്വദേശിയെന്ന് ഓസ്ട്രേലിയൻ പൊലീസ്. ഇയാൾ പാകിസ്ഥാനിലെ ലാഹോർ സ്വദേശിയാണെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. 1998ൽ സ്റ്റുഡന്റ് വിസയിൽ ഓസ്ട്രേലിയയിൽ എത്തിയ സാജിദ്, യൂറോപ്യൻ വംശജയെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കി. ഇയാൾ കഴിഞ്ഞ മാസം ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ഫിലിപ്പീൻസ് സന്ദർശിച്ചെന്നും കണ്ടെത്തി. മകൻ നവീദ് അക്രവും (24) ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച സാജിദും നവീദും ചേർന്ന് നടത്തിയ വെടിവയ്പിൽ 15 പേരാണ് കൊല്ലപ്പെട്ടത്.
ജൂത ആഘോഷമായ ഹാനക്കയുടെ ഭാഗമായി ബീച്ചിൽ ഒത്തുകൂടിയവരെയാണ് ഇവർ ലക്ഷ്യമിട്ടത്. ഭീകര സംഘടനയായ ഐസിസിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു കുറ്റകൃത്യം. സാജിദിനെ പൊലീസ് വെടിവച്ചു കൊന്നു. വെടിയേറ്റ നവീദ് ഗുരുതരാവസ്ഥയിലാണ്. ഓസ്ട്രേലിയയിൽ ജനിച്ചതിനാൽ നവീദിന് അവിടുത്തെ പൗരത്വം ലഭിച്ചിരുന്നു.
# ബന്ധുക്കളുമായി അടുപ്പം കുറവ്
ഇന്ത്യയിലെ ബന്ധുക്കളുമായി സാജിദ് തുടർന്നത് പരിമിതമായ അടുപ്പം മാത്രമെന്ന് ഹൈദരാബാദ് പൊലീസ്
ഇയാളുടെ തീവ്രവാദ മനോഭാവത്തെ കുറിച്ചോ പ്രവർത്തനങ്ങളെ പറ്റിയോ ബന്ധുക്കൾക്ക് യാതൊരു അറിവുമില്ല
പ്രതികളെ തീവ്രവാദത്തിലേക്ക് നയിച്ച ഘടകങ്ങൾക്ക് ഇന്ത്യയുമായി ബന്ധമില്ല. പ്രാദേശിക തലത്തിലും സ്വാധീനമില്ല
1998ൽ ഓസ്ട്രേലിയയിൽ പോയ ശേഷം സാജിദ് ഇന്ത്യയിൽ എത്തിയത് ആറ് തവണ. ഇവ കുടുംബവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക്
ഇന്ത്യ വിടുന്നതിന് മുമ്പ് ഇയാൾക്കെതിരെ കേസുകളോ മറ്റോ ഉണ്ടായിരുന്നില്ല
# ഫിലിപ്പീൻസ് യാത്രയിൽ ദുരൂഹത
സാജിദിന്റെയും നവീദിന്റെയും ഫിലിപ്പീൻസ് സന്ദർശനം സംബന്ധിച്ച് ഓസ്ട്രേലിയൻ പൊലീസ് അന്വേഷണം ആരംഭിച്ചു. യാത്രയുടെ ഉദ്ദേശ്യം വ്യക്തമല്ല. നവംബർ 1 മുതൽ 28 വരെ മനില, ഡവാവോ തുടങ്ങിയ നഗരങ്ങൾ ഇവർ സന്ദർശിച്ചു.
പ്രതികൾ ഭീകര ഗ്രൂപ്പുകളുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നോ, ഫിലിപ്പീൻസിൽ ഏതെങ്കിലും പരിശീലനം ലഭിച്ചോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം. നിലവിൽ ഇവ സാധൂകരിക്കുന്ന തെളിവുകൾ ലഭ്യമല്ല.
ഒരു ഭീകര ഗ്രൂപ്പിന് വേണ്ടി അല്ല ഇവർ ആക്രമണം നടത്തിയതെന്നും, മറിച്ച് ഐസിസ് പ്രത്യയശാസ്ത്രത്തിൽ പ്രചോദനം കൊണ്ട് സ്വമേധയാ കുറ്റകൃത്യം നടപ്പാക്കിയെന്നുമാണ് പ്രാഥമിക നിഗമനം.