തട്ടിപ്പ് നടത്തിയത് ടെലിഗ്രാം വഴി; ബിഗ്‌ബോസ് താരം ബ്ലെസ്‌ലി തട്ടിപ്പിലെ മുഖ്യകണ്ണികളിൽ ഒരാളെന്ന് ക്രെെംബ്രാഞ്ച്
കോഴിക്കോട്: ഓൺലെെൻ സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലിയെ ഇന്ന് കോടതിയിൽ ഹാജരാകും. ബെസ്ലിയുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്.
ടെലിഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്‌ലിക്കെതിരായ കണ്ടത്തൽ. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ ഡിജിറ്റൽ തട്ടിപ്പിലെ മുഖ്യ കണ്ണികളിൽ ഒരാളാണ് ഇയാളെന്നാണ് ക്രെെംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ കഴിഞ്ഞ മൂന്ന് മാസമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.
ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ബ്ലെസ്‌ലിയെ അറസ്റ്റ് ചെയ്തത്. നടന്നത് വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാധ തട്ടിപ്പ് കേസുകൾ നടന്നിട്ടുണ്ടെന്നാണ് വിവരം.