'നാം അനുഭവിക്കാത്ത യാഥാർത്ഥ്യങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ്': സിറാത്ത് നമ്മോട് പറയുന്നത്
'അച്ഛന് അത് പറഞ്ഞാൽ മനസിലാകില്ല... ഞങ്ങളുടെ ജനറേഷൻ ഇങ്ങനെയാണ്...'പലപ്പോഴും ജനറേഷൻ ഗ്യാപ്പുകളെക്കുറിച്ച് നമ്മൾ വാചാലരാകാറുണ്ട്. പക്ഷെ, ഈ രണ്ട് ഭാഗത്ത് നിന്നും ചിന്തിക്കാൻ ആർക്കും സാധിക്കാറില്ല. എന്നാൽ ഇത് കാണാനും കേൾക്കാനുമുള്ള അവസരമാണ് ഒലിവർ ലാക്‌സിന്റെ സംവിധാനത്തിൽ പിറന്ന 'സിറാത്ത്'. സാന്റിയാഗോ ഫില്ലോൾ, ലാക്‌സ് എന്നിവർ ചേർന്ന് രചിച്ച് 2025-ൽ പുറത്തിറങ്ങിയ ഈ സ്പാനിഷ്-ഫ്രഞ്ച് ചിത്രം ഐഎഫ്എഫ്കെ ലോകസിനിമാ വിഭാഗത്തിൽ മികച്ച പ്രതികരണങ്ങളാണ് നേടിയത്.
ലൂയിസ് (സെർജി ലോപ്പസ്), മകൻ എസ്റ്റെബാൻ (ബ്രൂണോ നൂനെസ് അർജോണ), അവരുടെ നായ പിപ എന്നിവർക്കൊപ്പം തന്റെ കാണാതായ മകൾക്കായി തിരച്ചിൽ നടത്തുന്നിടത്താണ് ഈ ചിത്രം ആരംഭിക്കുന്നത്. അഞ്ച് മാസമായി മറീനയെ കാണാനില്ല. അവസാനമായി അവളെ കണ്ടത് ഒരു റേയ്‌വ് പാർട്ടിയിൽ വച്ചാണ്. അങ്ങനെ മകളെ തേടിയിറങ്ങിയ അച്ഛനും മകനും ഇലക്ട്രോണിക് നൃത്ത സംഗീതം ആസ്വദിക്കുന്ന ഒരു കൂട്ടം ജിപ്‌സികളുടെ ഇടയിലേക്കാണ് എത്തപ്പെടുന്നത്. സിറാത്തിനെ മുന്നോട്ട് കൊണ്ടുപോകുന്നത് തന്നെ റേയ്‌വ് പാർട്ടികൾ അടങ്ങിയ പശ്ചാത്തലം തന്നെയാണ്.
മൗറീഷ്യൻ അതിർത്തിയോട് ചേർന്ന് തെക്ക് ഭാഗത്ത് മറ്റൊരു ഒത്തുചേരലിനെക്കുറിച്ച് ഇവർ റെയ്‌വർമാരിലൂടെ തന്നെ അറിയുന്നു. മകൾ അവിടെയുണ്ടാകുമെന്ന പ്രതീക്ഷയിൽ ഈ അച്ഛനും മകനും അവരുടെ പ്രിയപ്പെട്ട നായയും യാത്ര തുടരുന്നു. കാണാതായ മകളെ അന്വേഷിക്കുന്ന അച്ഛനെക്കാളും മകൾ എത്തിപ്പെട്ടിരിക്കുന്ന റേയ്‌വ് കൾച്ചർ എന്നാണെന്നറിയുകയായിരുന്നു ലൂയിസ്. മകളെ എങ്ങനെയെങ്കിലും കണ്ടെത്തുക മാത്രമാണ് അയാളുടെ ലക്ഷ്യം. യാത്ര കഠിനമാണെന്ന് അഞ്ച് അംഗ റേയ്‌വർ സംഘം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ലൂയിസ് അത് കേൾക്കാൻ പോലും കൂട്ടാക്കുന്നില്ല. ട്രക്കുകൾ മാത്രം സഞ്ചരിക്കുന്ന വഴിയിൽ ലൂയിസ് തന്റെ കുഞ്ഞു കാറുമായി യാത്ര തുടർന്നു.
വഴിമദ്ധ്യ പല കടമ്പകളുമുണ്ട്. അവിടെ ലൂയിസ് പരാജയപ്പെടുമ്പോൾ റേയ്‌വർ സംഘം അയാളെ സഹായിക്കാൻ ഓടിയെത്തുന്നുണ്ട്. മയക്കുമരുന്നിൽ മുങ്ങിക്കുളിക്കുന്ന റേയ്‌വമാർ താൻ ചിന്തിച്ചിരുന്ന രീതിയിൽ അല്ലായിരുന്നു അയാളോട് പെരുമാറിയത്. അവർ ഭക്ഷണവും ഇന്ധനവും പങ്കുവച്ചു. 'എന്റെ മകൾ നിങ്ങളെ പോലെയാണ്' എന്ന് ഒരു ഘട്ടത്തിൽ ലൂയിസ് പറയുമ്പോൾ അതിൽ ഒരച്ഛന്റെ ആദിയുണ്ടായിരുന്നു. പക്ഷെ പോകെ പോകെ ആ ഭാരം ലൂയിസിൽ നിന്ന് അകലുന്നുണ്ടായിരുന്നു.
ഒരു ഘട്ടത്തിൽ എസ്റ്റെബാനോട് ചേച്ചി ഇറങ്ങിപ്പോയതാണോ എന്ന് ഒരു റെയ്‌വർ ചോദിക്കുമ്പോൾ അവൾക്ക് പ്രായവും പക്വതയുമുണ്ട് അവൾ അത് തിരഞ്ഞെടുത്തതാണെന്നാണ് എസ്റ്റെബാൻ പറയുന്നത്. റെയ്‌വർ സംഘം അത്രമോശമല്ലെന്ന് എസ്റ്റെബാൻ മനസിലാക്കുന്നു. തന്റെ മകന്റെ മാറ്റം അച്ഛനും മനസിലാകുന്നു. പക്ഷേ, പെട്ടെന്നാണ് ഇഴഞ്ഞു നീങ്ങുന്ന ചിത്രത്തിന് ഒരു വേഗത കൈവരിക്കുന്നത്.
യാത്രമദ്ധ്യേ ഒരു വാഹനാപകടത്തിൽ മകൻ എസ്റ്റെബാനും അവരുടെ പ്രിയപ്പെട്ട നായയും മരണപ്പെടുന്നു. അവിടെ തകർന്ന ലൂയിസിനെ റെയ്‌വർ സംഘം ചേർത്തിപിടിച്ചു. അവർ യാത്രതുടരുകയാണ്. പലപ്പോഴും ജീവിതം എന്ന മഹായാത്ര പോലെ ഇവരുടെ യാത്ര കാഴ്ചക്കാരെ തോന്നിപ്പിക്കും. എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണങ്കിലും ദി ഷോ മസ്കറ്റ് ഗോ ഓൺ.....
മരിച്ചുപോയ എസ്റ്റെബാൻ ഒരിക്കൾ റേയ്‌വർ സംഘത്തോട് നിങ്ങൾക്ക് കുടുംബം മിസ്സ് ചെയ്യുന്നില്ലേ എന്ന് ചോദിക്കുമ്പോൾ ഞങ്ങൾ ഒരു ഫാമിലിയാണെന്നാണ് പറയുന്നത്. അംഗപരിമിതർ അടക്കമുള്ളവർ ഈ സംഘത്തിലുണ്ട്. അവരെല്ലാം പരസ്പരം കണ്ടക്ടാകുന്നതും ഈ റെയ്‌വർ കൾച്ചറിലൂടെയാണ്. തെക്കൻ മൊറോക്കോയിലെ മരുഭൂമികളിലൂടെ ഈ മൂന്നുവാഹനങ്ങൾ മുന്നോട്ട് പോകുമ്പോൾ സംഗീതജ്ഞനായ ഡേവിഡ് ലെറ്റെലിയറിന്റെ ഇലക്ട്രോണിക് സംഗീതം നമ്മളെ കുത്തിവലിക്കുന്നുണ്ട്.
അധികം താമസിയാതെ ഈ അഞ്ചംഗ സംഘത്തിലോ ഓരോ വ്യക്തികളെയും നഷ്ടമാകുന്നു. കുഴിബോംബ് പാകിയ യുദ്ധ ഭൂമിയാണ് ഇവരിലെ 3 പേരുടെയും ജീവനെടുക്കുന്നത്. ഒരടിപോലും മുന്നോട്ട് വയ്ക്കാൻ പേടിക്കുന്ന നിമിഷം. ഈ സമയത്ത് ശേഷിക്കുന്ന വ്യക്തികൾക്ക് ധൈര്യം പകരുന്നത് ലൂയിസാണ്. ലൂയിസ് സധൈര്യം മുന്നോട്ട് നടന്നു. ഒരു പോറൽ പോലും എൽക്കാതെ. ലൂയിസിന്റെ പാത പിന്തുടർന്ന ഒരു റെയ്‌വർക്ക് ജീവൻ നഷ്ടമായപ്പോൾ കൂടെയുള്ളവർ ഇതേ സംശയം ലൂയിസിനോട് ചോദിക്കുന്നുണ്ട്. ആ മറുപടിയിലുണ്ട് എല്ലാം. റേയ്‌വ് കൾച്ചർ എന്താണെന്നും വീടുവിട്ട് പോയ തന്റെ മകൾളുടെ മാനസികാവസ്ഥയും. 'ഞാൻ ഒന്നും ചിന്തിച്ചില്ല. നേരെ നടന്നു'. അതെ ഒന്നും ചിന്തിക്കാതെ. വരും വരായികയെക്കുറിച്ച് ചിന്തിക്കാൻ അയാളെ പിന്തുടർന്ന് അവരും മുന്നോട്ട്.
റേറ്റിംഗ്: 7/10