എന്തുകൊണ്ട് ഗൾഫിൽ ഇന്ത്യക്കാരെയും പാകിസ്ഥാനികളെയും റഫീഖ് എന്ന് വിളിക്കുന്നു; ഒളിഞ്ഞിരിക്കുന്ന പരിഹാസവും അമർഷവും
ഗൾഫിൽ ജോലിക്ക് പോവുക എന്നത് കാലങ്ങൾക്കുമുൻപ് തന്നെ ഇന്ത്യയിൽ നിലനിൽക്കുന്ന പ്രവണതയാണ്. അതിദാരിദ്ര്യത്തിൽ നിന്ന് ഗൾഫിലേയ്ക്ക് വിമാനം കയറി ജീവിതം തിരികെ പിടിച്ച അനേകം പേർ നമുക്ക് ചുറ്റുമുണ്ട്. ഇന്നും മലയാളികൾക്ക് വിദേശജോലി എന്നാൽ പ്രധാനമായും 'ഗൾഫ്' ആണ്. ഗൾഫ് രാജ്യങ്ങളിൽ തന്നെ സൗദി അറേബ്യയോടാണ് മലയാളികൾ അടക്കമുള്ള മിക്ക ഇന്ത്യക്കാർക്കും പ്രിയം. ഇന്ത്യക്കാർ മാത്രമല്ല പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും ആയിരക്കണക്കിനുപേർ ദിവസേന ജോലിതേടി സൗദിയിലെത്താറുണ്ട്. ഇത്തരത്തിലെത്തുന്ന ഇന്ത്യക്കാരെയും പാകിസ്ഥാനികളെയും സൗദിക്കാർ ഒരു പ്രത്യേക പേര് വിളിക്കാറുണ്ട്.
ദക്ഷിണേഷ്യൻ കുടിയേറ്റക്കാരെ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ 'റഫീഖ്' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പ്രധാനമായും ഇന്ത്യക്കാരെയും പാകിസ്ഥാനികളെയും ബംഗ്ളാദേശികളെയുമാണ് ഇത്തരത്തിൽ വിളിക്കാറുള്ളത്. അറബി പദമായ റഫീഖിന്റെ അർത്ഥം സുഹൃത്ത് അല്ലെങ്കിൽ പങ്കാളി എന്നാണ്. അപരിചിതനായ ഒരാളെ മാന്യമായ രീതിയിൽ വിശേഷിപ്പിക്കാൻ ഗൾഫ് രാജ്യങ്ങളിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന പദമാണിത്. ഈ പദത്തിന്റെ ഉത്ഭവത്തിന് പിന്നിലൊരു ചരിത്രമുണ്ട്.
1970കൾ മുതൽ സൗദി അറേബ്യയുടെ എണ്ണ ഇന്ധന വികസനം നിർമ്മാണം, ഗതാഗതം, അറ്റകുറ്റപ്പണികൾ, ഗാർഹിക സേവനങ്ങൾ എന്നിവയിൽ തൊഴിലാളികൾക്ക് വലിയ ഡിമാൻഡ് സൃഷ്ടിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് ഇതോടെ സൗദിയിൽ തൊഴിലിനായി എത്തിയത്.
അക്കാലത്ത് ജോലിസ്ഥലങ്ങൾ വലിപ്പമുള്ളവയായിരുന്നു. മാത്രമല്ല, വിറ്റുവരവ് കൂടുതലും. അതിനാൽതന്നെ ഭാഷാ തടസങ്ങളും സാധാരണമായിരുന്നു. ഈ സാഹചര്യത്തിൽ ചില തൊഴിലുടമകളും സൂപ്പർവൈസർമാരും തൊഴിലാളികളുടെ പേരുകൾ ഉപയോഗിക്കുന്നത് നിർത്തി. പകരം 'റഫീഖ്' എന്ന പദം ഉപയോഗിക്കാൻ തുടങ്ങി. 'എന്റെ കൂടെയുള്ള തൊഴിലാളി", "ഇവിടെയുള്ള സഹായി" എന്ന് സൂചിപ്പിക്കുന്ന പദമായിരുന്നു ഇത്.
എന്നാൽ 1980കളിലും 90കളിലും മോശമായ രീതിയിലാണ് ഈ പദം ഉപയോഗിച്ചിരുന്നത്. ഇന്ത്യക്കാരെ സൗദിയിലെ തെരുവുകളിൽ ഈ പേരിലായിരുന്നു വിളിച്ചിരുന്നത്. അശ്ലീലച്ചുവയോടെയും അപമാനിക്കുന്ന രീതിയിലുമാണ് അക്കാലത്ത് ചില സൗദികൾ ഈ പദം ഉപയോഗിച്ചിരുന്നത്. പിന്നീട് ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വർദ്ധിച്ചതും സാമൂഹിക മാറ്റങ്ങളുമെല്ലാം റഫീഖ് എന്ന പദത്തിന്റെ അർത്ഥത്തിലും മാറ്റം വരുത്തുകയായിരുന്നു.
അറബിക് സംസ്‌കാരത്തിൽ ഒരു അപരിചിതനെ 'നിങ്ങൾ', 'ഹേയ്' എന്നിങ്ങനെയൊക്കെ അഭിസംബോധന ചെയ്യുന്നത് മര്യാദയില്ലായ്‌മയായാണ് കണക്കാക്കുന്നത്. അതിനാൽതന്നെ 'റഫീഖ്' പോലുള്ള വാക്കുകൾ മാന്യമായ അഭിസംബോധന പദങ്ങളായി ഇന്ന് ഉപയോഗിക്കുന്നു. എന്നാൽ ഇന്ത്യക്കാരെയും പാകിസ്ഥാനികളെയും മാത്രമല്ല അറബികൾ പരസ്‌പരവും ഈ പേര് വിളിക്കാറുണ്ടെന്നാണ് സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ 'ഭായി സാബ്' എന്ന് വിളിക്കാറുള്ളതുപോലെയാണിതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. റഫീഖിനുപുറമെ 'സദീഖ്' എന്ന പദവും സുഹൃത്ത് എന്ന അർത്ഥത്തിൽ അറബികൾ അല്ലാത്തവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ഇന്ത്യക്കാരെയും പാകിസ്ഥാനികളെയുമാണ് ഈ പേരിൽ വിശേഷിപ്പിക്കാറുള്ളത്.