കുപ്പിയില്ലെന്ന് ജീവനക്കാർ;ഓട്ടോറിക്ഷയിലെത്തിയ സംഘം പമ്പിന് തീവയ്ക്കാൻ ശ്രമിച്ചു, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Wednesday 17 December 2025 12:10 PM IST

പാലക്കാട്: പെട്രോൾ വാങ്ങാനെത്തിയവർ പമ്പിന് തീകൊളുത്താൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വാണിയംകുളത്തെ പെട്രോള്‍ പമ്പിലാണ് സംഭവം. പെട്രോള്‍ കൊണ്ടുപോകാനുള്ള കുപ്പി നൽകേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം തര്‍ക്കമുണ്ടാക്കിയത്. ഇതിനുപിന്നാലെയാണ് സംഘം നിലത്ത് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്.

ഓട്ടോറിക്ഷയിലാണ് സംഘം പെട്രോള്‍ വാങ്ങാനെത്തിയത്. കുപ്പിയില്‍ പെട്രോള്‍ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരുടെ കൈവശം കുപ്പിയുണ്ടായിരുന്നില്ല. തുടര്‍ന്ന് പമ്പിന് സമീപത്തെല്ലാം കുപ്പി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ഓട്ടോയിലുണ്ടായിരുന്ന കാനില്‍ പെട്രോള്‍ വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് കുപ്പി നല്‍കേണ്ടത് ജീവനക്കാരുടെ ചുമതലയാണെന്ന് പറഞ്ഞ് സംഘം ബഹളംവച്ചത്. ജീവനക്കാരെ അസഭ്യവും പറഞ്ഞു.

ഇതിനിടെ കാനിൽ നിന്ന് പെട്രോള്‍ നിലത്തേക്കൊഴിച്ച് തീകൊളുത്താനും ശ്രമിച്ചു. സംഭവത്തില്‍ പമ്പ് അധികൃതര്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.