ഇതരമതസ്ഥരായതിനാൽ വീട്ടിൽ പ്രശ്നം, ഒടുവിൽ രജിസ്റ്റർ വിവാഹം; അവസാനിച്ചത് 16 വർഷത്തെ ദാമ്പത്യം
നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഷിജു എ ആർ. താൻ വിവാഹമോചിതനായ വിവരം അൽപം മുമ്പ് ഷിജു സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
'പ്രീതി പ്രേമും ഞാനും വിവാഹമോചിതരായെന്ന് ഔദ്യോഗികമായി അറിയിക്കുന്നു. ഞങ്ങൾ പരസ്പരം ബഹുമാനത്തോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. നല്ല സുഹൃത്തുക്കളായി തുടരും. പരസ്പര സമ്മത്തോടെയാണ് ഞങ്ങൾ തീരുമാനം എടുത്തത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മാദ്ധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.' എന്ന കുറിപ്പാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഇതിനുപിന്നാലെ ഭാര്യയെ കുറിച്ചുപറയുന്ന നടന്റെ പഴയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ നവീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. 2009ലായിരുന്നു പ്രീതിയും ഷിജുവും വിവാഹിതരായത്. 16 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇരുവരും അന്ത്യം കുറിച്ചിരിക്കുന്നത്.
ഷിജുവിന്റെയും പ്രീതിയുടേതും പ്രണയവിവാഹമായിരുന്നു. മദ്രാസ് എയർപോർട്ടിൽവച്ചാണ് ഇവർ ആദ്യമായി കണ്ടത്. അന്ന് പ്രീതി എയർഹോസ്റ്റസായിരുന്നു. കൂടാതെ നർത്തകിയുമായിരുന്നു. കുവൈത്തിലാണ് പ്രീതി ജനിച്ചുവളർന്നത്.
നടനായ ഷിജുവിനെ തിരിച്ചറിഞ്ഞ പ്രീതി അങ്ങോട്ട് പോയി പരിചയപ്പെടുകയായിരുന്നുവെന്ന് മുമ്പ് ഒരഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു. പിന്നീട് നല്ല സുഹൃത്തുക്കളായി. പതിയെ ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ ഇതരമതസ്ഥരായതിനാൽ വീട്ടുകാർ എതിർത്തു. എതിർപ്പുകളെല്ലാം ഭേദിച്ച് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു.