പത്താം ക്ലാസ് പാസായോ? 80000 രൂപവരെ ശമ്പളം വാങ്ങാം, ചെറുപ്രായത്തിൽ മികച്ച ജോലി നേടാം
മദ്ധ്യപ്രദേശ് പവർ ജനറേറ്റിംഗ് കമ്പനി പ്രൈവറ്റഡ് ലിമിറ്റഡിൽ (എംപിപിജിസിഎൽ) പ്ലാന്റ് അസിസ്റ്റൻഡ് തസ്തികകളിലേക്ക് ഒഴിവ്. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. 90 ഒഴിവുകളാണുള്ളത്. ഡിസംബർ ഒന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 30 വരെയാണ് അവസരം. എംപിപിജിസിഎലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 25,300 മുതൽ 80,500 രൂപവരെ മാസശമ്പളം ലഭിക്കും. ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാഫീസായി 1200 രൂപ സമർപ്പിക്കണം. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 300 രൂപയാണ് അപേക്ഷാഫീസായി സമർപ്പിക്കേണ്ടത്. 90 ഒഴിവുകളിൽ 53 എണ്ണം മെക്കാനിക്കൽ ട്രേഡിലേക്കും 37 എണ്ണം ഇലക്ട്രിക്കൽ ട്രേഡിലേക്കുമാണ്. ആകെ ഒഴിവുകളിൽ 24 എണ്ണം ജനറൽ വിഭാഗത്തിനും 15 എണ്ണം എസ് സി വിഭാഗത്തിനും 18 എണ്ണം എസ് ടി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താംക്ലാസും ഐടിഐ പാസായവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. ഐടിഐ പരീക്ഷയിൽ 65 ശതമാനം മാർക്ക് നേടിയവർ മാത്രമേ അപേക്ഷിക്കാനാകൂ.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. 100 ചോദ്യങ്ങളാണ് ഉണ്ടാകുക. 75 ചോദ്യങ്ങൾ ബന്ധപ്പെട്ട ട്രേഡിൽ നിന്നും 25 എണ്ണം പൊതുവിജ്ഞാനവും റീസണിംഗും ഗണിതവുമായിരിക്കും. പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല. ഒൻപത് മാസമാണ് പ്രൊബേഷണറി കാലയളവ്. ഇത് പൂർത്തിയായാൽ ഉദ്യോഗാർത്ഥികൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കും.