പാനൂരിലെ വടിവാൾ ആക്രമണം; അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്

Wednesday 17 December 2025 12:56 PM IST

കണ്ണൂർ: പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രേയസ്, അതുൽ എന്നിവരാണ് മൈസൂരിൽ നിന്ന് പിടിയിലായത്. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊലീസ് വാഹനം തകർത്തു എന്നതുൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂർ മേഖലയിൽ പലയിടങ്ങളിലും അക്രമങ്ങൾ നടന്നിരുന്നു. വടിവാളും സ്‌ഫോടക വസ്‌തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം.

ശനിയാഴ്‌ച വൈകിട്ടാണ് പാനൂരിൽ യുഡിഎഫിന്റെ അഹ്ലാദപ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകർ വടിവാളുമായെത്തി ആക്രമണം നടത്തിയത്. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

25 വർഷങ്ങൾക്ക് ശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പാറാട്ട് ടൗണിൽ ആഹ്ലാദപ്രകടനം നടന്നത്. ഇതിനിടെ വാഹനങ്ങളിലെത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫുകാർക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. വടികൾ കൊണ്ട് ആക്രമിച്ച ഇവർ ലീഗ് ഓഫീസ് അടിച്ചുതകർത്തു.

യുഡിഎഫ് പ്രവർത്തകരുടെ വീടുകളിലേക്ക് പാഞ്ഞുകയറി. ചിലർക്ക് നേരെ വാളോങ്ങി. കാറും ബൈക്കും വെട്ടിപ്പൊളിച്ചു. മുഖം മനസിലാകാതിരിക്കാൻ അക്രമികൾ പാർട്ടിക്കൊടി കൊണ്ട് മുഖം മറച്ചാണെത്തിയത്.