ഹരിതകർമ്മസേന അംഗമായ ദീപ ഇനി തലസ്ഥാന കൗൺസിലർ

Wednesday 17 December 2025 1:17 PM IST

വീടുകളിലെത്തി മാലിന്യം ശേഖരിച്ച് നാടിനെ വൃത്തിയാക്കിയിരുന്ന ദീപ സുരേഷ് നഗരസഭ കൗൺസിലറായി വിജയിച്ചെത്തിയത് ഒരു നല്ല പാഠമാണ്. സുവോളജി ബിരുദധാരിയാണ് ദീപ. ഐടിഐയിലെ ഇൻസ്ട്രക്ടറായി പ്രവർത്തിച്ചിരുന്ന ദീപ പിന്നീടാണ് ഹരിതകർമ്മസേന അംഗമായത്.

തിരുവനന്തപുരം കോർപ്പറേഷനിലെ പാങ്ങപ്പാറയിൽ നിന്ന് 215 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കന്നിയങ്കം ജയിച്ചത്.

എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന് ദീപയ്ക്കറിയാം. സാധാരണക്കാർക്ക് കൈതാങ്ങാകാനാണ് ആഗ്രഹം. കൊല്ലം കടയ്ക്കൽ സ്വദേശിയായ ദീപയുടെ ഭർത്താവിന്റെ വീട് പാങ്ങപ്പാറയിലാണ്. ബി.എസ്.സി സുവോളജി പാസായതിനുശേഷം ഐ.ടി.ഐ സ്റ്റെനോഗ്രാഫിയും ഐ.ടി.സി കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് കോഴ്സും പൂർത്തിയാക്കി.

എംപ്ലോയ്മെന്റ് വഴി എഫ്സിഎം ഐടിസിയിൽ ലാബ് അസിസ്റ്റന്റ്, കൊല്ലം, ചന്ദനത്തോപ്പ് ഐ.ടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ എന്നിങ്ങനെ പ്രവർത്തിച്ചു. കാലാവധി കഴിഞ്ഞതോടെ സ്വകാര്യ കമ്പനിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റായി. കൊവിഡ് കാലത്ത് അതും നിലച്ചതോടെ കുടുംബശ്രീ പ്രവർത്തനങ്ങളിൽ സജീവമായി. തുടർന്നാണ് ഹരിതകർമ്മസേനാംഗമായത്. ശ്രീകാര്യം വാർഡ് വിഭജിച്ച് പാങ്ങപ്പാറ രൂപീകരിച്ചതാണ് ദീപയ്ക്ക് തുണയായത്.

പട്ടികജാതി വനിത സംവരണ വാർഡിൽ സി.പി.എം സ്ഥാനാർത്ഥയായാണ് വിജയം. ജനാധിപത്യ മഹിള അസോസിയേഷൻ മേഖല കമ്മിറ്റി അംഗം, ഹരിതകർമസേന സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐയുടെ മെഡിക്കൽ കോളേജിലെ പൊതിച്ചോറ് വിതരണത്തിലും സജീവമാണ്. ഭർത്താവ് സുരേഷ് ബാബു ഓട്ടോ ഡ്രൈവറാണ്. മക്കൾ: വൈഷ്ണവ് (ഐ.ടി.ഐ),വൈഭവ്(എട്ടാംക്ലാസ്).

എപ്പോഴും ജനസഹായി

മാലിന്യംശേഖരിക്കാൻ വീടുകളിലെത്തുമ്പോൾ വീട്ടികാരുമായി കുശലാന്വേഷങ്ങൾ നടത്തും. സർക്കാർ ആനുകൂല്യങ്ങൾക്ക് അർഹരാണെങ്കിൽ അവരെ കൗൺസിലറുമായി ബന്ധിപ്പിക്കും. റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖൾ ലഭിക്കാൻ സഹായിക്കും. അപേക്ഷകൾ പൂരിപ്പിച്ച് നൽകും. അങ്ങനെ പലതരം സഹായം ആവശ്യമുള്ളവർ ദീപ മാലിന്യം ശേഖരിക്കാൻ വരുന്നതും കാത്തിരിക്കാറുണ്ട്.