ഹൈക്കോടതി ഉത്തരവ് കാറ്റിൽപ്പറത്തി എരുമേലിയിൽ രാസകുങ്കുമം സുലഭം

Thursday 18 December 2025 12:50 AM IST

എരുമേലി : രാസകുങ്കുമം നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് കാറ്റിൽപ്പറത്തി എരുമേലിയിലെ കടകളിൽ വില്പന സജീവം. ഡ്രഗ്‌സ് ആൻഡ് കെമിസ്റ്റ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയും ബോധവത്കരണവും നടത്തുന്നുണ്ടെങ്കിലും സിന്ദൂരം കച്ചവടക്കാർ കളമൊഴിഞ്ഞിട്ടില്ല. നിരോധനം വന്നതോടെ കടയുടെ മുൻപിൽ ഭക്തർക്ക് കാണാനായി ഓരോ പാത്രങ്ങളിൽ പലവിധ നിറങ്ങളുള്ള സിന്ദൂരംവയ്ക്കുന്നത് ഒഴിവാക്കി ചെറിയ പായ്ക്കറ്റുകളിലായി സൂക്ഷിക്കുകയാണ്. ഇത്തരത്തിൽ ഒളിപ്പിച്ചുവെച്ച പലകളറിലുള്ള കുങ്കുമ പായ്ക്കറ്റുകൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. എരുമേലി പൊലീസ് സ്റ്റേഷൻ ജംഗ്ഷന് സമീപത്തെ മൈതാനിയിലെ താത്കാലിക കടയ്ക്കുള്ളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഒരാഴ്ച മുമ്പ്‌ ഒരു വ്യാപാരിയുടെ വീട്ടിൽ സൂക്ഷിച്ച കുങ്കുമം കണ്ടെടുത്തിരുന്നു. ഇവയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രാസകുങ്കുമം ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നത്തിന് ഇടയാക്കുമെന്നതിനാലാണ് ഹൈക്കോടതി നിരോധിച്ചത്. തീർത്ഥാടനകാലം തുടക്കത്തിൽ ഉദ്യോഗസ്ഥർ കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിരുന്നു.