14.20 കോടിക്ക് പ്രശാന്തും കാർത്തിക്കും; ഞെട്ടിക്കുമോ സഞ്ജുവിന്റെ ചെന്നൈ, ആരാണ് യുവ താരങ്ങൾ?

Wednesday 17 December 2025 4:15 PM IST

അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന ഐപിഎൽ ലേലം ഒട്ടേറെ ക്രിക്കറ്റ് താരങ്ങളുടെ ഭാവിയാണ് മാറ്റിമറിച്ചത്. ഓസ്‌ട്രേലിയൻ ആൾറൗണ്ടർ കാമറൂൺ ഗ്രീനായിരുന്നു ലേലത്തിലെ സൂപ്പർ താരം. 25.2 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഗ്രീനിനെ സ്വന്തമാക്കിയത്. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഗ്രീനിന് വേണ്ടി രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകളും മത്സരിച്ചുവിളിച്ചതോടെയാണ് വില ഇത്രയും ഉയർന്നത്. ഇതോടെ താരലേലത്തിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന വിദേശതാരമായി ഗ്രീൻ മാറുകയും ചെയ്തു. പിന്നാലെ ശ്രീലങ്കൻപേസർ മതീഷ പതിരാനയെ 18 കോടി നൽകിയും സ്വന്തം കൂടാരത്തിൽ എത്തിച്ചതോടെ ലേലത്തിൽ പങ്കെടുത്ത ടീമുകളിൽ കൊമ്പന്മാരായി കൊൽക്കത്ത മാറി.

എന്നാൽ ഐപിഎൽ താരലേലം കണ്ടുനിന്നവരെ ഞെട്ടിച്ച ചില വിളികളിൽ ഒന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റേതായിരുന്നു. ഇതുവരെ അന്താരാഷട്ര കിക്കറ്റിൽ അരങ്ങേറാത്ത രണ്ട് യുവ താരങ്ങളെ 14.20 കോടി രൂപയ്ക്കാണ് ചൈന്നൈ സൂപ്പർ കിംഗ്സ് വിളിച്ചെടുത്തത്. ഉത്തർപ്രദേശിൽ നിന്നുള്ള 20കാരനായ പ്രശാന്ത് വീറും രാജസ്ഥാനിൽ നിന്നുള്ള 19കാരനായ കാർത്തിക് ശർമ്മയുമാണ് ആ താരങ്ങൾ.

30 ലക്ഷം അടിസ്ഥാന വിലയുള്ള ഇവർക്ക് വേണ്ടി മുംബയ് ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ ചെന്നൈ രണ്ടും കൽപിച്ച് ഇവരെ 14.20 കോടിക്ക് ടീമിൽ എത്തിക്കുകയായിരുന്നു. 30 ലക്ഷം രൂപയുള്ള പ്രശാന്ത് വീറിനെ ആദ്യം വിളിച്ചത് മുംബയ് ഇന്ത്യൻസാണ്. പിന്നാലെ ലക്നൗ എത്തി. പിന്നീടങ്ങോട്ട് ലക്നൗവും ചെന്നൈയും തമ്മിലായിരുന്നു പോര്. ഇവർക്കൊപ്പം ഹൈദരാബാദും കൂടെ ചേർന്നതോടെ ലേലത്തുക പടിപടിയായി ഉയർന്നു. അവസാനം 14.20 കോടിക്ക് പ്രശാന്ത് ചെന്നൈയിലേക്ക് എത്തുകയായിരുന്നു.

പിന്നാലെയായിരുന്നു കാർത്തിക് ശർമ്മയ്ക്ക് വേണ്ടിയുള്ള ലേലം ആരംഭിച്ചത്. കാർത്തിക്കിന് വേണ്ടി മുംബയും ലക്നൗവുമാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ കൊൽക്കത്തയും ചെന്നൈയും തമ്മിലായി വിളിപ്പോര്. കൊൽക്കത്ത പിൻവാങ്ങിയതോടെ ഹൈദരാബാദ് കൂടെ ചേർന്നു. ഒടുവിൽ വിളി 14 കോടി കടന്നതോടെ താരത്തെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു.

ആരാണ് പ്രശാന്ത് വീർ? പ്രശാന്ത് വീർ ഉത്തർപ്രദേശിൽ നിന്നുള്ള സ്പിൻ ആൾറൗണ്ടറാണ്. ചെന്നൈ വിട്ട രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായാണ് ടീമിലെടുത്തത്. ഒമ്പത് ആഭ്യന്തര ടി 20 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ, എന്നാൽ യുപി ടി 20 ലീഗ്, സയ്യിദ് മുഷ്താഖ് അലി ട്രോഫി, അണ്ടർ 23 ക്രിക്കറ്റ് എന്നിവയിലുടനീളമുള്ള അദ്ദേഹത്തിന്റെ പ്രകടനം വ്യക്തമായ ശ്രദ്ധ പിടിച്ചുപറ്റി. 167.16 ആണ് സ്‌ട്രൈക്ക് റേറ്റ്. ഇതുവരെ കളിച്ച മത്സരത്തിൽ ആകെ 12 വിക്കറ്റുകളും നേടി. ചെന്നൈയുടെ ട്രയലുകളിൽ പ്രശാന്ത് നേരത്തെ പങ്കെടുത്തിരുന്നു. യു.പി ട്വന്റി 20 ലീഗിൽ നോയിഡ സൂപ്പർ കിംഗ്സിന്റെ താരമായിരുന്ന പ്രശാന്തിന്റെ ആദ്യ ഐപിഎല്ലാകും 2026ലേത്.

കാർത്തിക് ശർമ്മ രാജസ്ഥാൻ സ്വദേശിയായ കാർത്തിക് ശർമ ആഭ്യന്തര ടൂർണമെന്റുകളിലെ മിന്നും പ്രകടനത്തിലൂടെയാണ് ഫ്രാഞ്ചൈസികളുടെ ശ്രദ്ധയിലെത്തിയത്. രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടിയ കാർത്തികിന് 19 വയസ് മാത്രമാണുള്ളത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാന്റെ ടോപ് സ്‌കോററും കാർത്തിക്കായിരുന്നു. എട്ട് ഇന്നിംഗ്സുകളിൽ നിന്ന് 445 റൺസടിച്ചു. സെയ്ദ് മുഷ്താഖ് അലിയിലും മിന്നിയ കാർത്തിക് മികച്ച ഫിനിഷറാണ്. ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയെ പ്രതിനിധീകരിക്കുന്ന ജെഎസ്ഡബ്ല്യു സ്‌പോർട്സ് കാർത്തിക്കിന്റെ സ്‌പോൺസർ. ആറ് മത്സരങ്ങളിലായി 11 സിക്സ് അടിച്ചുകൂട്ടിയിട്ടുണ്ട്.