7 ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം,​ ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എൻ.ക്യു.എ.എസ്.

Wednesday 17 December 2025 4:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ഇരിണാവ് ജനകീയ ആരോഗ്യകേന്ദ്രം 83.51 ശതമാനം, കണ്ണൂര്‍ കൊട്ടില ജനകീയ ആരോഗ്യകേന്ദ്രം 85.22 ശതമാനം, കാസര്‍ഗോഡ് ചോയംകോട് ജനകീയ ആരോഗ്യകേന്ദ്രം 90.68 ശതമാനം, കാസര്‍ഗോഡ് ബിരിക്കുളം ജനകീയ ആരോഗ്യകേന്ദ്രം 90.05 ശതമാനം എന്നിങ്ങനെ സ്‌കോറോടെയാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യകേന്ദ്രം 88.19 ശതമാനം, തൃശൂര്‍ പൊയ്യ കുടുംബാരോഗ്യകേന്ദ്രം 89.50 ശതമാനം, കണ്ണൂര്‍ വളപട്ടണം കുടുംബാരോഗ്യകേന്ദ്രം 92.91 ശതമാനം എന്നിങ്ങനെ 3 വര്‍ഷത്തിന് ശേഷം പുന: അംഗീകാരവും ലഭിച്ചു.

ഇതോടെ സംസ്ഥാനത്തെ ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. 9 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 170 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 34 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ / നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രിയുടെ കൂടുതല്‍ വികസനത്തിന് ഇതും സഹായകരമാകും.