സാമ്പാറുണ്ടാക്കുമ്പോൾ വെള്ളം കൂടിപ്പോയോ? ഉരുളക്കിഴങ്ങ് വേണ്ട, ഇതൊരു സ്‌പൂൺ ചേർത്താൽ മതി

Wednesday 17 December 2025 4:35 PM IST

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കറികളിൽ ഒന്നാണ് സാമ്പാർ. വീട്ടിലെ അടുക്കളയിലും കല്യാണങ്ങൾക്കും മരണാനന്തരച്ചടങ്ങുകൾക്കുംവരെ സാമ്പാർ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. വെെവിധ്യങ്ങളായ രുചിക്കൂട്ടുകളുടെ കലവറ കൂടിയാണ് സാമ്പാർ. മാത്രമല്ല, പച്ചക്കറികൾ ധാരാളം ഉപയോഗിക്കുന്നതിനാൽ ആരോഗ്യത്തിന് വളരെ നല്ലതും.

പല നാടുകളിലും പല രീതിയിലാണ് സാമ്പാർ തയ്യാറാക്കുന്നത്. എന്നാൽ രുചിയുടെ കാര്യത്തിൽ ഒരു പടി മുന്നിൽ നിൽക്കുന്നത് മലയാളികളുടെ സാമ്പാർ തന്നെയായിരിക്കും. എന്നിരുന്നാലും സാമ്പാർ തയ്യാറാക്കുമ്പോൾ പരിപ്പ് ചേർത്തിട്ടും കട്ടിയുണ്ടാകുന്നില്ലെന്നും വെള്ളം പോലെയാകുന്നുവെന്നും പലരും പരാതിപ്പെടാറുണ്ട്. ഇതിന് നല്ലൊരു പരിഹാരം വീട്ടിൽതന്നെയുണ്ട്.

തുവരപ്പരിപ്പ് പൂർണമായി വേകാത്തതും പരിപ്പ് നന്നായി ഉടയാത്തതും വെള്ളം ചേർക്കുന്നത് അധികമായി പോകുന്നതും പുളി വെള്ളം കൂടുതലായി പോകുന്നതുമൊക്കെയാണ് സാമ്പാറിൽ വെള്ളത്തിന്റെ അളവ് കൂടുതലായി പോകാൻ കാരണം. വെള്ളം കൂടിപ്പോയാൽ ഒരു സ്‌പൂൺ അരിപ്പൊടി വെള്ളത്തിൽ കലക്കി തിളയ്ക്കുന്ന സാമ്പാറിൽ ഒഴിച്ചുകൊടുക്കാം. ശേഷം നന്നായി ഇളക്കിക്കൊടുത്താൽ സാമ്പാർ കുറുകിവരും. വറുത്ത കടലപ്പരിപ്പ് പൊടിച്ചത്, അരി- തേങ്ങ എന്നിവചേർത്തരച്ച പേസ്റ്റ് എന്നിവയും സാമ്പാറിന് കട്ടികൂടാനായി ചേർക്കാം. മാത്രമല്ല, പുളിവെള്ളം ഒരുമിച്ച് ചേർക്കാതെ അൽപാൽപ്പമായി ചേർക്കാം.