'അതിശയകരമായ അനുഭവം'; ടിവിഎസ് ബിഎംഡബ്ല്യു ബൈക്കിനെ പ്രശംസിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്‌ച ജർമ്മനിയിൽ നടത്തിയ സ്വകാര്യ യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. യാത്രയ്‌ക്കിടെ ജർമ്മനയിലെ മ്യൂണിക്കിലുള്ള ബിഎംഡബ്ല്യു വെൽറ്റ്, ബിഎംഡബ്ല്യു പ്ലാന്റ് എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. എം-സീരീസ്, ഇലക്ട്രിക് ബൈക്കുകൾ, ബിഎംഡബ്ല്യു IX3, റോൾസ് റോയ്‌സ്, വിന്റേജ് ഇറ്റാലിയൻ-ഇൻസ്‌പയേർഡ് ബിഎംഡബ്ല്യു ഇസെറ്റ, മാക്സി സ്കൂട്ടറുകൾ എന്നിവയുൾപ്പെടെ ബിഎംഡബ്ല്യുവിന്റെ ലോകോത്തര ഓട്ടോമോട്ടീവ് നിർമ്മാണത്തെയും ഏറ്റവും പുതിയ മോഡലുകളെയും രാഹുൽ ഗാന്ധി അടുത്തുനിന്നു കണ്ടു.
'ഇന്ത്യയിൽ ഉൽപാദനം കൂടുതൽ ആരംഭിക്കേണ്ടതുണ്ട്. ഏതൊരു രാജ്യത്തിന്റെയും വിജയത്തിന് പിന്നിൽ അവിടുത്തെ ഉൽപാദന മേഖലയ്‌ക്ക് വലിയ പങ്കുണ്ട്. എന്നാൽ ഉൽപാദനം ഉയരേണ്ട സമയത്ത് നമ്മുടെ രാജ്യത്ത് അത് കുറയുകയാണ്. മികച്ച രീതിയിലൊരു ഉത്‌പാദന വ്യവസ്ഥ കെട്ടിപ്പെടുക്കാൻ കഴിഞ്ഞാൽ അത് മെച്ചപ്പെട്ട തൊഴിലവസരങ്ങളും സൃഷ്‌ടിക്കുന്നു'- രാഹുൽ ഗാന്ധി ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
തമിഴ്നാട്ടിലെ ഹൊസൂർ പ്ലാന്റിൽ ടിവിഎസുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ബിഎംഡബ്ല്യു ജി450ജിഎസ് ബൈക്ക് അദ്ദേഹം പരിശോധിക്കുന്നതും വീഡിയോയിൽ കാണാം. ഇന്ത്യയിൽ ബൈക്ക് ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതിശയകരമായ അനുഭവം എന്നാണ് ബൈക്കിനെ പ്രശംസിച്ച് രാഹുൽഗാന്ധി പറഞ്ഞത്. കൂടാതെ തമിഴ്‌നാടിന് ഇത്തരത്തിലൊരു അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും ഇന്ത്യൻ പതാക ഇവിടെ പാറുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ബിഎംഡബ്ല്യു കാർ ഓടിക്കുകയും അതിന്റെ സവിശേഷതകൾ പരിശോധിക്കുകയും ചെയ്‌തു.