പിണറായി സർക്കാർ കെയർടേക്കർ സർക്കാരായി മാറി : തിരുവഞ്ചൂർ

Thursday 18 December 2025 12:00 AM IST

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിലെ വൻതോൽവിയോടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാർ കെയർടേക്കർ സർക്കാരായി മാറിയെന്നും, നയപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫിന് ജനകീയ കോടതി നൽകിയ ശിക്ഷയാണ് തിരഞ്ഞെടുപ്പ് ഫലം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡ്രസ്സ് റിഹേഴ്സൽ മാത്രമാണിത്. തദ്ദേശതിരഞ്ഞെടുപ്പ് ഫലം വന്നതോടെ കോൺഗ്രസ് കോട്ടയത്ത് ഒന്നാംകക്ഷിയായി. യു.ഡിഎഫ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) വരുന്നതിൽ തെറ്റില്ല. പെണ്ണിനും, ചെറുക്കനും സമ്മതമാണെങ്കിൽ കുഴപ്പമില്ല. ആരും പിറകേ പോകില്ല. അയ്മനം പഞ്ചായത്തിലടക്കം ബി.ജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിറുത്താൻ ഇന്ത്യാ സഖ്യം മോഡൽ പരീക്ഷണത്തിനില്ല. യു.ഡി.എഫിന് ഒരു നേർരേഖയുണ്ട്. അതനുസരിച്ച് പ്രവർത്തിക്കുമെന്നും തിരുവഞ്ചൂർ കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദപ്രസിൽ പറഞ്ഞു.