വളപ്രയോഗ സമയമെത്തി, രാസവളം കിട്ടാനില്ല...... നെൽച്ചെടികൾക്ക് മുരടിപ്പ്, കർഷകർക്ക് അങ്കലാപ്പ്
കോട്ടയം : പുഞ്ചക്കൃഷിയിൽ ഒന്നാം വളപ്രയോഗത്തിന് സമയമായിരിക്കെ കുട്ടനാട്ടിലും, അപ്പർകുട്ടനാട്ടിലും യൂറിയ അടക്കം രാസവളം കിട്ടാനില്ലാത്തത് കർഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നു. സഹകരണ സംഘങ്ങൾ വഴിയാണ് കൃഷി വകുപ്പ് വളം ലഭ്യമാക്കിയിരുന്നത്. പല സംഘങ്ങളും യൂറിയ ആവശ്യപ്പെട്ട് ഓർഡർ നൽകിയെങ്കിലും ലഭിച്ചിട്ടില്ല. ഡിസംബർ അവസാനത്തോടെ യൂറിയ എത്തിച്ചേരുമെന്നാണ് കൃഷിവകുപ്പ് അറിയിപ്പ്. ഒന്നാം വളപ്രയോഗത്തിന്റെ സമയം കഴിയുമെന്നതിനാൽ പിന്നീട് പ്രയോജനമില്ലെന്ന് കർഷകർ പറയുന്നു. യൂറിയയ്ക്ക് ക്ഷാമയായതോടെ സ്വകാര്യ കച്ചവടക്കാർ വില ഉയർത്തി. 45 കിലോവരുന്ന ഒരു ചാക്ക് യൂറിയയ്ക്ക് 266 രൂപയാണ്. സബ്സിഡി വളങ്ങൾ ലഭിക്കണമെങ്കിൽ കർഷകർ ആധാർ കാർഡുമായെത്തി പി.ഒ.എസ് മെഷീനിൽ വിരലടയാളം പതിപ്പിക്കണമെന്നാണ് നിയമം. പലരും ഇങ്ങനെ ചെയ്യാതെ സംഘങ്ങളിൽ നിന്ന് വളം വാങ്ങുന്നതിനാൽ ആവശ്യത്തിന് സ്റ്റോക്കുള്ളതായി കണക്കാക്കി അടുത്ത സീസണിലേക്കുള്ള വളത്തിന്റെ ക്വാട്ടയിൽ കുറവ് വരുത്തും. ഇതാണ് സംഘങ്ങളിൽ യൂറിയയുടെ സ്റ്റോക്ക് ഇല്ലാതാകാൻ കാരണം.
വിളവ് കുറയും, അദ്ധ്വാനം പതിരാകും
നെൽച്ചെടികൾ മുളച്ച് 15 മുതൽ 20 ദിവസത്തിനിടയ്ക്കാണ് ഒന്നാംവള പ്രയോഗം. വൈകിയാൽ നെൽച്ചെടികൾ മുരടിക്കും. വിളവും കുറയും. യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ് വളങ്ങളാണ് നെൽകർഷകർ കൂടുതലും ഉപയോഗിക്കുന്നത്. ഒരു ഏക്കറിന് 50 കിലോ ഫാക്ടംഫോസ്, 20 കിലോ പൊട്ടാഷ്, 15 മുതൽ 25കിലോ വരെ യൂറിയ എന്ന ക്രമത്തിലാണ് നെൽച്ചെടികൾക്ക് വളം നൽകുന്നത്. പ്രതിസന്ധി മറയാക്കി ഗുണനിലവാരമില്ലാത്ത സ്വകാര്യ കമ്പനികളുടെ കൂട്ടുവളങ്ങളും, ജൈവവളങ്ങളും കർഷകരിൽ അടിച്ചേൽപ്പിക്കാനും നീക്കമുണ്ട്. ഒരു ഹെക്ടറിലെ കൃഷിയ്ക്ക് കുറഞ്ഞത് ഒരു ചാക്ക് യൂറിയ ആവശ്യമാണ്.
''യൂറിയയുടെ ലഭ്യത ഉറപ്പുവരുത്തണം. പല സ്ഥലത്തും വില വ്യത്യാസവുമുണ്ട്. കൃഷി വകുപ്പും സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെടണം. വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ വിളവിനെ ബാധിക്കുമെന്നതിനാൽ രാസവളത്തിനായി കർഷകർ നെട്ടോമോടുകയാണ്.
നെൽ കർഷക സംരക്ഷണ സമിതി
''ഉത്പാദന കുറവ് യൂറിയ ക്ഷാമത്തിന്കാരണമാണ്. ഈ മാസാവസാനത്തോടെ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് കരുതുന്നത്.
-അസി. ഡയറക്ടർ, കൃഷി വകുപ്പ്
വളംവില ഇങ്ങനെ (ഒരുചാക്ക്)
ഫാക്ടംഫോസ് : 1425
മിക്സചർ വളം : 1350
പൊട്ടാഷ് : 1800