വന്ദേഭാരത് സ്ലീപ്പര്‍ അടുത്ത മാസം, റെയില്‍വേയുടെ സമ്മാനം ഈ റൂട്ടിലേക്ക്
ന്യൂഡല്‍ഹി: യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യമോ ആദ്യത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. വന്ദേഭാരത് ചെയര്‍ കാറുകള്‍ പകല്‍ സമയത്താണ് സര്‍വീസ് നടത്തുന്നതെങ്കില്‍ സ്ലീപ്പര്‍ ട്രെയിനുകള്‍ രാത്രിയായിരിക്കും സര്‍വീസ് നടത്തുക. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് ബീഹാറിലെ പട്‌നയിലേക്കാണ് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ഓടുക.
16 കോച്ചുകളുള്ള രണ്ട് ട്രെയിനുകള്‍ പൊതുമേഖല സ്ഥാപനമായ ബെമല്‍ (BEML) ഇന്ത്യന്‍ റെയില്‍വേക്ക് കൈമാറിക്കഴിഞ്ഞു. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. വന്ദേഭാരതിന്റെ തന്നെ ചെയര്‍ കാര്‍ മോഡലില്‍ ഒരു ദിവസം അറ്റകുറ്റപ്പണിക്കും ക്ലീനിംഗിനുമായി സര്‍വീസ് നടത്തേണ്ടതില്ലെന്നതാണ് തീരുമാനം. അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനില്‍ രാജകീയമായ യാത്രയാണ് റെയില്‍വേ വാഗ്ദാനം ചെയ്യുന്നത്.
800 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളിലാണ് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതെങ്കില്‍ ദീര്‍ഘദൂര രാത്രികാലയാത്രകള്‍ക്കായിരിക്കും സ്ലീപ്പര്‍ എഡിഷനുകള്‍ ഉപയോഗിക്കുക. അതുപോലെ തന്നെ പ്രാദേശിക ഭക്ഷണങ്ങള്‍ ട്രെയിനിനുള്ളില്‍ വിളമ്പുന്ന കാര്യവും പരിഗണനയിലുണ്ട്. 14,000 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും ട്രെയിനുകളുടെ ആധുനികവത്കരണത്തിനും മാറ്റിവയ്ക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിനും അടുത്ത ഘട്ടത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുമെന്നാണ് സൂചന. തിരുവനന്തപുരം - മംഗളൂരു, തിരുവനന്തപുരം - ബംഗളൂരു എന്നീ റൂട്ടുകളാണ് റെയില്‍വേയുടെ പരിഗണനയിലുള്ളതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.