ജോസഫിലും കൂടുതൽ സീറ്റുകൾ ജോസിന്
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ ആരെടാ വലിയവൻ എന്ന മൂപ്പിളമ തർക്കം കേരള കോൺഗ്രസ് ജോസ് - ജോസഫ് വിഭാഗം തമ്മിൽ മുറുകവെ ജില്ലയിൽ കൂടുതലിടങ്ങളിൽ വിജയിച്ചത് മാണി ഗ്രൂപ്പെന്ന് കണക്ക്. ജില്ല, ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്തുകളിലായി മാണി ഗ്രൂപ്പിന് 147 സീറ്റ് ലഭിച്ചപ്പോൾ ജോസഫ് ഗ്രൂപ്പിന് കിട്ടിയത് 128 സീറ്റ്. അതേസമയം ജോസഫ് വിഭാഗത്തിന് 2020 ൽ 88 സീറ്റായിരുന്നത് 128 ആയി വർദ്ധിച്ചു. 2020ൽ മാണിഗ്രൂപ്പിന് 201 സീറ്റ് ലഭിച്ചിരുന്നു.
2020 തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ ഇടതുമുന്നണി ഘടകകക്ഷികൾക്ക് സീറ്റുകൾ കുറഞ്ഞപ്പോൾ ജില്ലാ പഞ്ചായത്ത് സീറ്റ് ഒഴിച്ച് മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ കൂടിയത് സി.പി.ഐയ്‌ക്കാണ്. 54 ഗ്രാമപഞ്ചായത്ത് സീറ്റുകൾ 65 ആയി ഉയർന്നു. നഗരസഭയിൽ ഏഴ് സീറ്റ് എട്ടായി. ബ്ലോക്ക് പഞ്ചായത്തിൽ എട്ട് സീറ്റ് പത്തായി. ജില്ലാ പഞ്ചായത്തിൽ മൂന്ന് സീറ്റ് ഉണ്ടായിരുന്നത് ഒന്നായി.
പടർന്നുകയറി ബി.ജെ.പി
ബി.ജെ.പിയ്‌ക്ക് 2020 ൽ 90 പഞ്ചായത്ത് സീറ്റുകൾ ലഭിച്ചത് ഈ തിരഞ്ഞെടുപ്പിൽ 124 ആയി. നഗരസഭാ സീറ്റുകൾ രണ്ടെണ്ണം കുറഞ്ഞ് 23ൽ നിന്ന് 21 ആയി. ബ്ലോക്ക് പഞ്ചാത്തുകൾ 2000 ൽ ഒന്നുപോലും ലഭിച്ചില്ല. ഇക്കുറി നാലായി. ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റും നേടാനായില്ലെങ്കിലും വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ 2020 ൽ 112 സീറ്റ് ലഭിച്ചത് 149 ആയി ഉയർത്താനായി.