അപകടക്കെണിയായി പഞ്ചായത്ത് കിണർ
മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു
കല്ലമ്പലം: റോഡിൽ അപകടക്കെണിയായി ഉപയോഗ ശൂന്യമായ പഞ്ചായത്ത് കിണർ.നാവായിക്കുളം വെള്ളൂർക്കോണം ലക്ഷംവീട് കോളനി റോഡിൽ വാട്ടർ ടാങ്കിന് സമീപമുള്ള പഞ്ചായത്ത് കിണറാണ് അപകടഭീഷണിയായിരിക്കുന്നത്.കോളനിയോളം പഴക്കമുണ്ട് കിണറിനും.
പ്രദേശവാസികൾ മാലിന്യ നിക്ഷേപത്തിനായി കിണർ ഉപയോഗിച്ചു തുടങ്ങിയതോടെ മുക്കാൽ ഭാഗവും നികന്നു കഴിഞ്ഞു.പലരും പഴമയുടെ ശേഷിപ്പായ പഞ്ചായത്ത് കിണർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടിട്ടും നടന്നില്ല.
കിണറിന്റെ കൈവരി ഇടിഞ്ഞതോടെ ഉയരം കുറവായി.വളവ് തിരിഞ്ഞുവരുന്ന ഇരുചക്ര വാഹനങ്ങളും ഓട്ടോകളുമാണ് കൂടുതലും കൈവരിയിലിടിച്ച് അപകടത്തിൽപ്പെടുന്നത്.രാത്രിയിലാണ് കൂടുതലും അപകടങ്ങൾ. സ്ഥിരം യാത്ര ചെയ്യുന്നവർക്ക് കിണർ പരിചയമുള്ളതിനാൽ പുറമെ നിന്നുവരുന്നവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. അടിയന്തരമായി കിണർ വൃത്തിയാക്കി,സംരക്ഷണവേലി തീർത്ത് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതോടെയാണ് 40 വർഷം മുൻപ് പഞ്ചായത്ത് കിണർ നിർമ്മിച്ചത്.സുലഭമായി വെള്ളവും ലഭിച്ചിരുന്നു
കോളനിവാസികൾ കുടിക്കാനും കുളിക്കാനും നനയ്ക്കാനും ഇതിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്.കാലക്രമേണ കിണറിലെ വെള്ളം കുറഞ്ഞു.കൂടുതൽ കുഴിച്ച് അറ്റകുറ്റപ്പണികൾ നടത്തി കിണർ സംരക്ഷിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.
ഇതിനിടയിൽ റോഡ് വികസനം വന്നതോടെ കിണറിന്റെ പകുതി ഭാഗം റോഡിലായി
ഇവിടെ തെരുവ് വിളക്കുകൾ കത്താത്തതും കിണറിന്റെ ഒരു ഭാഗത്തെ കൈവരി കാടുപിടിച്ചതും അപകടം ക്ഷണിച്ചുവരുത്തുന്നു.
അപകടക്കെണിയായ കിണർ സംരക്ഷിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയോ,കിണർ നികത്തി റോഡ് നിരപ്പിൽ കോൺക്രീറ്റ് ചെയ്യുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.