വീട്ടിൽ അതിക്രമിച്ചുകയറി മാദ്ധ്യമപ്രവർത്തകനെ മർദിച്ചു; പിന്നാലെ മരണം
ഡെറാഡൂൺ: അക്രമികൾ വീട്ടിൽ കയറി മർദിച്ചതിന് പിന്നാലെയുണ്ടായ നെഞ്ച് വേദനയെ തുടർന്ന് മാദ്ധ്യമപ്രവർത്തകൻ മരിച്ചു. ഡെറാഡൂണിലെ മാദ്ധ്യമ പ്രവർത്തകനായ പങ്കജ് മിശ്രയാണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി പത്തുമണിയോടെയാണ് സംഘം വീട്ടിൽ അതിക്രമിച്ചു കയറിയത്. മിശ്രയുടെ ജഖാനിലെ ഡൂൺ വിഹാറിലുള്ള വീട്ടിലായിരുന്നു സംഭവം. ബലപ്രയോഗത്തിലൂടെ വീട്ടിനുള്ളിൽ കയറിയ സംഘം മിശ്രയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌തു. അമിത് സെഹ്‌ഗൽ എന്ന വ്യക്തിയാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇയാൾ മിശ്രയുടെ നെഞ്ചിലും വയറ്റിലും ചവിട്ടുകയും ഇടിക്കുകയും ചെയ്‌തു. മർദ്ദനത്തെതുടർന്ന് വായിൽ നിന്ന് രക്തം വന്നിരുന്നു. അതേ ദിവസം രാത്രി തന്നെയാണ് കടുത്ത നെഞ്ചുവേദനയെ തുടർന്ന് മിശ്രയ്‌ക്ക് മരണം സംഭവിച്ചത്.
അമിത് സെഹ്‌ഗൽ ഉൾപ്പെടെ വീട്ടിൽ അതിക്രമിച്ചു കയറിയവർക്കെതിരെ മിശ്രയുടെ സഹോദരൻ രാജ്‌പൂർ പൊലീസിൽ പരാതി നൽകി. കൊല്ലുക എന്ന ഉദ്ദേശ്യത്തിൽ തന്നെയാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. പങ്കജ് മിശ്രയുടെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ അമിത് സെഹ്ഗൽ എടുത്തുകൊണ്ടുപോയതായും പരാതിയിൽ പറയുന്നു.
പോലീസ് റിപ്പോർട്ട് പ്രകാരം ഡിസംബർ 16ന് പുലർച്ചെ മൂന്ന് മണിയോടെ പങ്കജ് മിശ്രയ്ക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായി. പിന്നീട്, അദ്ദേഹത്തെ ഡൂൺ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് മരണം സംഭവിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.