ധാർമ്മികത എന്ന ആധാരശില

Wednesday 17 December 2025 8:49 PM IST

ധർമ്മത്തിൽ നിന്നുള്ള വ്യതിചലനമാണ് സമൂഹത്തിലെ മൂല്യച്യുതിക്ക് അടിസ്ഥാന കാരണം. ദ്വൈതബോധത്തിൽ നിന്ന് അദ്വൈത ബോധത്തിലേക്കു കടന്ന് അർത്ഥപൂർണമായ ജീവിതം നയിക്കണമെങ്കിൽ ആത്മീയതയുടെ തെളിഞ്ഞ പാതയിലൂടെ യാത്ര ചെയ്യണം. ഈ പരമസത്യം ലോകത്തിനു പകർന്ന ഋഷിവര്യന്മാരുടെ നാടാണ് ഭാരതം.

അഹിംസയാണ് പരമമായ ധർമ്മം എന്ന മൂല്യം ഉയർത്തിപ്പിടിച്ചാണ് ഗാന്ധിജി ജീവിച്ചത്. അധികാരം, ധനം,​ പദവി, യശസ്സ് എന്നീ ലോകഭോഗങ്ങളുടെ ഉടമയോ അടിമയോ അല്ല താനെന്ന ബോദ്ധ്യത്തോടെ സ്വധർമ്മം അനുഷ്ഠിച്ച് ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്കു നയിച്ചു,​ ഗാന്ധിജി. ജീവിതത്തെ ശ്രേഷ്ഠതയിലേക്കു നയിക്കുന്നത് ധാർമ്മിക മൂല്യങ്ങളാണ്. ധർമ്മാചരണത്തിന്റെ സ്ഥൂല- സൂക്ഷ്മ ഭാവങ്ങളെ സുവ്യക്തമായി ആവിഷ്കരിച്ചിരിക്കുന്നത് വേദങ്ങളിലും ഇതിഹാസങ്ങളിലുമാണ്.

ധർമ്മത്തിന്റെ ആധാരം സത്യവും പ്രയോഗം അഹിംസയുമാണെന്നു പറഞ്ഞത് മഹാത്മജിയാണ്. സത്യത്തിന്റെ കർമ്മഭാഷ്യമാണ് അഹിംസയെന്നും,​ സത്യത്തിൽ നിന്നു ഭിന്നമായി അഹിംസയോ,​ അഹിംസയിൽ നിന്ന് അന്യമായി സത്യമോ ഇല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ഗാന്ധിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഭഗവദ്ഗീതയും രാമായണവുമാണ്. കർമ്മം തന്നെയാണ് ധർമ്മം എന്നാണ് ഗീതയും രാമായണവും പഠിപ്പിക്കുന്നത്.

ശ്രീരാമൻ എന്ന ധർമ്മ വിഗ്രഹം സത്യത്തിനായി അധികാരവും രാജ്യവും ഉപേക്ഷിച്ചു. പ്രജാക്ഷേമതല്പരനായ ശ്രീരാമൻ അനാസക്തനായാണ് ലോകഭോഗത്തെ വിനിയോഗിച്ചത്. ഋഷിതുല്യമായ ധർമ്മമാർഗത്തിലൂടെ അധികാരം ഉപയോഗിച്ച ശ്രീരാമൻ സത്യവാദി ആയിരുന്നു. ഹിംസയല്ല അഹിംസയാണ് പ്രപഞ്ച നിയമമെന്നും അഹിംസാനിഷ്ഠമായ ജീവിതമാണ് ധർമ്മാചരണമെന്നും രാമായണം ഉദ്ഘോഷിക്കുന്നു. ധർമ്മാചരണത്തിനായി ജീവിതം സമർപ്പിച്ച മര്യാദാപുരുഷോത്തമനായ രാമനെ ഗാന്ധിജി ചേർത്തുപിടിച്ചതും ഇതുകൊണ്ടാണ്.

ഒരു മഹായുദ്ധത്തിന്റെ മദ്ധ്യത്തിലാണ് ഭഗവദ്ഗീത പിറക്കുന്നത്. തേർത്തട്ടിൽ തളർന്നുവീണ പാർത്ഥന്റെ മനസിനെ ഉത്തേജിപ്പിക്കുവാനാണ് ഉപാസനാ ശാസ്ത്രമായ ഭഗവദ്ഗീത ശ്രീകൃഷ്ണൻ ഉപദേശിക്കുന്നത്. സത്യം, അഹിംസ, ധർമ്മം എന്നിവ മൂർത്തമായ മനുഷ്യ ജീവിതസന്ദർഭങ്ങളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് ഗീതയിൽ വിവരിക്കുന്നു. കർമ്മക്ഷേത്രത്തിൽ തളർന്നു വീഴുന്നവരിൽ ആത്മവിശ്വാസം ഉദ്ദീപ്തമാക്കി അവരെ കർമ്മോന്മുഖരാക്കുന്ന കർമ്മാനുഷ്ഠാനമാണ് ധർമ്മാചരണം. അതുകൊണ്ടാണ് സാധു പരിരക്ഷയ്ക്കായി ധർമ്മ പരിരക്ഷ എന്ന് ഗീതയിൽ പറയുന്നത്.

ദരിദ്രനും നിരാലംബനും ദൂർബലനും നിസ്സഹായനുമായ മനുഷ്യനാണ് സാധു. എക്കാലവും കയ്യൂക്കിൽ മാത്രം വിശ്വസിക്കുന്ന പ്രബലന്റെ ഇരയാണ് ദുർബലൻ. പ്രബലൻ ദുർബലനെ എക്കാലവും ചവിട്ടിമെതിക്കും. പ്രബലന്റെ കയ്യൂക്കിൽ നിന്ന് ദുർബലനെ പരിരക്ഷിക്കുന്നതിനാണ് ധർമ്മാചരണം.

അർത്ഥം നീതിപൂർവം നേടുകയും നീതിപൂർവം അവയെ വിനിയോഗിക്കുകയും ചെയ്യുന്നതാണ് ധർമ്മം.

അധികാരം, പണം, പദവി, യശസ്സ് ഇവ അമിതമായി വന്നു ചേരുമ്പോൾ മനുഷ്യൻ ഹിംസാലുവായി മാറുന്നു.

ബൃഹദാരണ്യകോപനിഷത്ത് പറയുന്നത് ഇതാണ്.

സകല ജീവജാലങ്ങളെയും ഒരേ ശക്തിയുടെ സ്ഫുരണങ്ങളായി കണ്ട് ഒന്നിനെയും കീഴടക്കാതെയും നശിപ്പിക്കാതെയുമുള്ള ഉദാത്തമായ ജീവിതക്രമം അനുവർത്തിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

കർമ്മത്തെ ആസക്തിയോടെയും അനാസക്തിയോടെയും അനുഷ്ഠിക്കാവുന്നതാണ്. താൻ വ്യാപരിക്കുന്ന കർമ്മമണ്ഡലങ്ങളിൽ ലഭ്യമാകുന്ന ലോകഭോഗങ്ങൾ മുഴുവൻ തനിക്കുതന്നെ വേണമെന്ന് കരുതുന്നതാണ് ആസക്തി.

താനും തന്റെ കർമ്മവും കർമ്മഫലവും മറ്റുള്ളവർക്കു വേണ്ടിക്കൂടിയാണെന്ന് കരുതുന്നവനാണ് ലോകഹിതം നോക്കുന്നത്. സ്വാർത്ഥനും അവസരവാദിയും കുടിലബുദ്ധികളുമായ ഭാഗ്യാന്വേഷികളാണ് പ്രമാണിമാരിൽ ഭൂരിപക്ഷവും. സ്വച്ഛന്ദമൃത്യുവിന് സമയമായപ്പോൾ ശരശയ്യയിൽ കിടന്ന ഭീഷ്മർ ധർമ്മപുത്രർക്ക് നൽകിയ ഉപദേശം ഇതാണ്: 'ഉണ്ണീ,​ സത്യമാണ് മഹാബലം; സത്യത്തെ ആശ്രയിക്കുക!" ലോകത്തെ സൃഷ്ടിച്ച്, സംരക്ഷിച്ച്, സംഹരിക്കുന്ന കാലത്തിലേക്കു ലയിക്കുന്ന മനുഷ്യൻ ഉൾക്കൊള്ളേണ്ട തത്വമാണ് ഭീഷ്മർ ഉപദേശിച്ചത്.

(സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസർ ആയ ലേഖകൻ തന്ത്രി കുടുംബാംഗമാണ്)​