നിർമ്മാണം ഗോകുലം മുവീസ്, മോഹൻലാലും നിവിൻ പോളിയും വീണ്ടും
ഒറ്റക്കൊമ്പനിലും കത്തനാരിലും മോഹൻലാലിന് ക്ഷണം
മോഹൻലാലും നിവിൻപോളിയും വീണ്ടും ഒരുമിക്കുന്നു. ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ ആണ് ഒരുമിക്കുന്നത്. സംവിധായകനെ തീരുമാനിച്ചിട്ടില്ല. നിവിൻ പോളി നായകനായി ഗോകുലം ഗോപാലൻ നിർമ്മിച്ച് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരുന്നു. നിവിൻപോളി നായകനായി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ശ്രീഗോകുലം മുവീസ് ആണ്. ഗോകുലം മുവീസ് നിർമ്മിച്ച് ദിലീപ് നായകനായി അഭിനയിച്ച ഭ. ഭ. ബ യിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്. മോഹൻലാലിന്റെയും നിവിൻപോളിയുടെയും അടുത്തവർഷത്തെ പ്രധാന പ്രോജക്ടുകളിൽ ഒന്നായിരിക്കും ഇത്. അതേസമയം സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനായ കത്തനാർ എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിലേക്ക് മോഹൻലാലിനെ ക്ഷണിച്ചിട്ടുണ്ട് . എന്നാൽ മോഹൻലാൽ സമ്മതം അറിയിച്ചിട്ടില്ല. രണ്ടു ചിത്രങ്ങളും ശ്രീ ഗോകുലം മുവീസാണ് നിർമ്മിക്കുന്നത്. പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിൽ അതിഥിവേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ഖലീഫ ഒരുങ്ങുന്നത്. രണ്ടാംഭാഗത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.മോഹൻലാൽ നായകനായി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി രണ്ടാം വാരം ഈരാറ്റുപേട്ടയിൽ ആരംഭിക്കും.