മഞ്ഞപ്പിത്തഭീഷണിയിൽ ശ്രീകണ്ഠപുരം മേഖല: ജാഗ്രത ഓർമ്മിപ്പിച്ച് ആരോഗ്യ വകുപ്പ്
രോഗം സ്ഥിരീകരിച്ചത് 36 പേർക്ക്
കണ്ണൂർ:ആശങ്ക പരത്തി ശ്രീകണ്ഠപുരം മേഖലയിൽ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും മഞ്ഞപ്പിത്തം പടരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് മഞ്ഞപിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെയാണ് ആരോഗ്യ വകുപ്പ് പ്രദേശത്ത് പരിശോധന ശക്തമാക്കിയത്. ശ്രീകണ്ഠാപുരം നഗരസഭയിലും ചെങ്ങളായി പഞ്ചായത്തിലുമായി നിലവിൽ 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞയാഴ്ച മുതലാണ് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. തുടർന്നുള്ള പരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നഗരത്തിലെ കടകളിൽ നിന്ന് വെള്ളം കുടിച്ചവരിലാണ് രോഗം കണ്ടെതെന്ന് നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ. മോഹനൻ പറഞ്ഞു. ഇവിടെ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ സ്‌കൂൾ കിണറിലെ വെള്ളത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ല. നഗരത്തിൽ നിന്ന് മോര് കുടിച്ചവർക്കടക്കം രോഗം പിടിപെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തുന്നുണ്ട്.
നഗരസഭയിൽ അടിയന്തിരയോഗം
മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനായി നഗരസഭയിൽ ചെയർപേഴ്‌സൻ ഡോ.കെ.വി.ഫിലോമിനയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. കണ്ണൂർ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.സി സച്ചിൻ,ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.പി.അഖിൽ രാജ്, ഫുഡ് സേഫ്റ്റി ഓഫീസർ യമുന കുര്യൻ ,സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.പി. നസീമ, ജോസഫീന വർഗീസ്, കെ.സി. ജോസഫ് കൊന്നക്കൽ, സെക്രട്ടറി ടി.വി. നാരായണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അവഗണിക്കരുത് ലക്ഷണങ്ങളെ
ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി എന്നിവയാണ് പ്രാരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. പിന്നീട് ബിലുറബിന്റെ അളവ് കൂടുകയും കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്ക് കടുത്ത മഞ്ഞനിറം അനുഭവപ്പെടുകയും ചെയ്യും. ഇതോടൊപ്പം ഛർദി, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകുന്നതിന്റെ ഭാഗമായി രോഗിക്ക് കടുത്ത ക്ഷീണം അനുഭവപ്പെടും. മഞ്ഞപ്പിത്തത്തിന്റെ ചികിത്സയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. രോഗബാധിതർ ആയിട്ടുള്ളവർ പ്രത്യേക ശൗചാലയം, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുകയും കൃത്യമായ വ്യക്തി ശുചിത്വം പാലിക്കുവാൻ ശ്രദ്ധിക്കുകയും വേണം.
പ്രതിരോധ മാർഗങ്ങൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക, കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം ചെയ്യാതിരിക്കുക വ്യവസായിക ആവശ്യങ്ങൾക്കുള്ള ഐസ് ഉപയോഗിച്ച് പാനീയങ്ങൾ ഉണ്ടാക്കരുത്. തിളപ്പിച്ചാറിയതോ ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം ഫ്രിഡ്ജിൽ വെക്കുക