നിവേദനം നൽകി എം.എൽ.എ
Thursday 18 December 2025 12:44 AM IST
കയ്പമംഗലം: ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇ.ടി.ടൈസൺ എം.എൽ.എ, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. ചളിങ്ങാട് ഭാഗത്ത് റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണമെന്നും കുഴിച്ചെടുത്ത മണ്ണ് റോഡിൽ നിന്ന് എത്രയും വേഗം നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. റോഡിന്റെ മധ്യഭാഗം കുഴിച്ചാണ് 700 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നത്. കുഴിച്ച മണ്ണ് റോഡിൽ കിടക്കുന്നതും ഗതാഗത തടസമുണ്ടാക്കുന്നുണ്ട്. പൈപ്പ് സ്ഥാപിക്കൽ കഴിഞ്ഞാൽ റോഡ് വേഗത്തിൽ ടാർ ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിട്ടുള്ളത്.