മുന്നണികളിൽ ചർച്ചകൾ സജീവം, തലപ്പത്തേയ്ക്ക് ആര്..?
തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ സജീവം. ആറിടങ്ങളിൽ തുല്യസീറ്റുകളാണെങ്കിലും തളിക്കുളത്ത് യു.ഡി.എഫിന് ആർ.എം.പി.ഐയുടെ പിന്തുണ ലഭിക്കുമ്പോൾ കൊടകരയിൽ എൽ.ഡി.എഫ് വിമതന്റെ നിലപാട് നിർണായകമാകും. അതേസമയം, അവിണിശേരി, വല്ലച്ചിറ, പാറളം, ചേലക്കര, വേലൂർ പഞ്ചായത്തുകളിൽ നറുക്കെടുപ്പ് വേണ്ടി വരും. കോർപറേഷനിൽ തീരുമാനം നീളുകയാണ്. മേയർ സ്ഥാനത്തേക്ക് അഡ്വ. സുബി ബാബു, ലാലി ജയിംസ് എന്നിവരുടെ പേരുകൾക്ക് മുൻതൂക്കമുണ്ടെങ്കിലും കൂടുതൽ പേര് ഉയർന്നുവരുന്നത് നേതൃത്വത്തിന് തലവേദനയാകുകയാണ്. പുഴയ്ക്കൽ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തുകളും തുല്ല്യനിലയിലാണ്. പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ പാർട്ടികൾ തുടങ്ങി. പരിചയസമ്പത്ത്, സാമുദായിക പരിഗണനകൾ, ഗ്രൂപ്പില്ലെന്ന് പറയുന്നുണ്ടെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങൾ എല്ലാം പരിഗണിച്ചായിരിക്കും തീരുമാനം. എൽ.ഡി.എഫിൽ കഴിഞ്ഞ തവണ തുടർന്ന രീതിയിൽ തന്നെയായിരിക്കും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളുടെ പങ്കുവയ്ക്കൽ. ജില്ലാ പഞ്ചായത്തിൽ സി.പി.എമ്മിലെ മേരി തോമസ് പ്രസിഡന്റും സി.പി.ഐയിലെ ടി.കെ.സുധീഷ് വൈസ് പ്രസിഡന്റുമായേക്കും.
വലിയ നഷ്ടമില്ലാതെ സി.പി.ഐ
തദ്ദേശ തിരഞ്ഞെടുപ്പിൽ 483 പേർ മത്സരിച്ചപ്പോൾ 181 പേർ വിജയിച്ചു. യു.ഡി.എഫ് അനുകൂല തരംഗം ഉണ്ടായപ്പോൾ വലിയ തിരിച്ചടി പ്രതീക്ഷിച്ചെങ്കിലും പിടിച്ചു നിന്നുവെന്നാണ് സി.പി.ഐ ജില്ലാ ഘടകത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ തവണ 214 സീറ്റുകൾ ലഭിച്ചിരുന്നു. ജില്ലാ പഞ്ചായത്തിൽ എട്ട് സീറ്റുകളിൽ മത്സരിച്ചതിൽ ഏഴ് സീറ്റുകൾ നേടി. കഴിഞ്ഞ തവണയും ഏഴ് സീറ്റുകൾ ലഭിച്ചിരുന്നു. അതേസമയം, കോർപറേഷനിൽ നാലു സീറ്റുണ്ടായിരുന്നത് രണ്ടായി കുറഞ്ഞു. നഗരസഭകളിൽ കഴിഞ്ഞ തവണത്തേക്കാൾ ആറു സീറ്റിന്റെ കുറവാണ് ഉണ്ടായത്. ഇത്തവണ 21 സീറ്റാണ് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിൽ പത്തും ഗ്രാമപഞ്ചായത്തിൽ 15ഉം സീറ്റുകളുടെ കുറവുണ്ടായി.