34 കിലോമീറ്റർ മൈലേജ്, വില ആറ് ലക്ഷം മാത്രം, 52,500 രൂപ വരെ ഓഫർ, സ്വന്തമായി ഒരു കാർ വേണമെങ്കിൽ ഇതാണ് ശരിയായ സമയം
ഇന്ത്യയിലെ കാർവിപണിയിൽ 40 ശതമാനത്തോളം കൈയടക്കിവച്ചിരിക്കുന്ന കമ്പനിയാണ് മാരുതി. ഏതൊരു സാധാരണക്കാരനും ടൂവീലറിൽ നിന്നും കാർ എന്ന സ്വപ്‌നത്തിലേക്ക് മാറാൻ സഹായകമാകുന്ന എൻട്രി ലെവൽ കാറുകളുടെ നല്ലൊരു നിര മാരുതിക്കുണ്ട്. മറ്റ് ഫീച്ചറുകളെക്കാൾ വിലയിലെ കുറവ് തന്നെയാണ് മാരുതിയെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. എസ് പ്രെസോ, ആൾട്ടോ, എന്നിങ്ങനെ എൻട്രി ലെവൽ കാറുകൾ മാരുതിക്ക് വലിയ സാമ്പത്തിക വിജയമാണ് നേടിക്കൊടുത്തത്.
ഇക്കൂട്ടത്തിൽ മികവാർന്നൊരു കാർ തന്നെയാണ് സെലേറിയോ. ക്ളച്ച്‌ലസ് കാറുകൾ മാരുതി ചെറിയ കാറുകളിൽ ഇറക്കിയത് സെലേറിയോയിലാണ്. ഭംഗിയേറിയ ഒതുങ്ങിയ രൂപത്തിലുള്ള ഹാച്ച്‌ബാക്കായ സെലേറിയോ 998സിസി എഞ്ചിനിൽ 82.1 മുതൽ 91.1 എൻഎം ടോർക്കോടെ പരമാവധി 67.77 ബിഎച്ച്പി പവറോടെയാണ് വിപണിയിലെത്തിയത്. ഏറ്റവുമധികം വിൽപന നടക്കുന്ന സെലേറിയോ വിഎക്‌സ്ഐ സിഎൻജി മോഡലിന് 34.43 കിലോമീറ്റർ/ കിലോ ആണ് മൈലേജ്.
എന്നാൽ കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സെലേറിയോയുടെ വിൽപന കഴിഞ്ഞ മാസം രാജ്യത്ത് കുത്തനെ ഇടിയുകയാണ് ഉണ്ടായത്. ഏകദേശം 41 ശതമാനത്തിന്റെ ഇടിവാണ് മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടായത്. 2024 നവംബറിൽ 2379 യൂണിറ്റ് വിറ്റുപോയപ്പോൾ 2025 നവംബറിൽ അത് 1392 ആയി കുത്തനെ ഇടിഞ്ഞു. ഇതോടെ ഡിസംബർ മാസത്തിൽ വിൽപനയ്‌ക്ക് വലിയ തന്ത്രങ്ങൾ പുറത്തിറക്കുകയാണ് മാരുതി. വമ്പൻ ഡിസ്‌കൗണ്ട് ഓഫർ കമ്പനി പ്രഖ്യാപിച്ചു. എല്ലാ വേരിയന്റുകൾക്കും 52,500 രൂപ വരെ ഓഫറുകളാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങൾ, സ്റ്റോക്ക് ലഭ്യത, സ്ഥലം എന്നിവ കണക്കാക്കി ഓഫറിൽ വ്യത്യാസമുണ്ടാകും. 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് അല്ലെങ്കിൽ 25,000 രൂപയുടെ സ്‌ക്രാപേജ് ബോണസ്, മറ്റ് ഡിസ്‌കൗണ്ടുകൾ 2500 രൂപ വരെ എന്നിങ്ങനെയാണ് ഓഫർ. ആറ് എയർബാഗുകളോടെ എത്തുന്ന സെലേറിയോ 1.0 ലിറ്റർ കെ-സിരീസ് പെട്രോൾ എഞ്ചിനുമായാണ് വരുന്നത്. 4.70 ലക്ഷം മുതൽ 6.73 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. ബേസ് മോഡലിന് തന്നെ 25.24 കിലോമീറ്റർ മൈലേജ് തരുന്നു. ടോപ് മോഡലിനാകട്ടെ 26 കിലോമീറ്ററാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന മൈലേജ്.