ചെങ്കൽ വലിയകുളത്തിൽ കക്കൂസ് മാലിന്യം തള്ളാൻ ശ്രമം, പ്രതികളെ നാട്ടുകാർ പിടികൂടി
പാറശാല: ജില്ലയിലെ നീന്തൽപരിശീലന കേന്ദ്രമായ ചെങ്കൽ വലിയകുളത്തിൽ കക്കൂസ്, ഹോട്ടൽ മാലിന്യങ്ങൾ ഒഴുക്കൻ ശ്രമിച്ച മൂന്ന് പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ എല്പിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശി കൃഷ്ണൻകുട്ടി, (43) ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീജിത് (27), ചെങ്കൽ മര്യാപുരം സ്വദേശി ഗണേഷ് (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഏറെ നാളായി കുളത്തിൽ മാലിന്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് രാത്രിയിൽ കാവൽ ഇരുന്നാണ് പ്രതികളെയും മാലിന്യവുമായി എത്തിയ വാഹനനത്തെയും പിടികൂടിയത്. എന്നാൽ ഡ്രൈവറെ മാത്രം പ്രതിയാക്കിയ ശേഷം മറ്റു രണ്ടുപേരെയും പൊലീസ് നേരത്തെ വിട്ടയച്ചു. ഇതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. തുടർന്ന് മറ്റു രണ്ടുപേരെക്കൂടി പ്രതികളാക്കി കേസെടുത്തു.മാലിന്യവുമായെത്തിയ ടാങ്കർ ലോറിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നഗരങ്ങളിൽ നിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യമുൾപ്പെടെയുള്ളവ ടാങ്കർ ലോറിയിൽ ശേഖരിച്ച് താലൂക്കിലെ തുറസായ പ്രദേശങ്ങളിലും ജലാശയങ്ങളിലും തള്ളുക പതിവാണെന്നാണ് പരാതി.