ഗുഹകളിൽ അവർ ക്യാമറയ്ക്ക് മുന്നിലെത്തി 'തന്തപ്പേര്' ചരിത്രമായി

Thursday 18 December 2025 1:45 AM IST

തിരുവനന്തപുരം: ഇപ്പോഴും നിലമ്പൂരിലെ കൊടുങ്കാട്ടിൽ ഗുഹകളിൽ കഴിയുന്ന ആദിവാസി ജനവിഭാഗമാണ് ചോലനായ്ക്കർ. അവരുടെ കഥ അവരുടെ ഭാഷയിൽ, അവർതന്നെ അഭിയിച്ചതാണ് 'തന്തപ്പേര്'. ഒരു ഗോത്രജനതയുടെ ചരിത്രവും ജീവിതവും അതിജീവനവും ഒറിജിനൽ അല്ലാത്ത ഒരു തന്തപ്പേരിനെ മുൻനിറുത്തി മനോഹരമായ ആവിഷ്കരിച്ചിരിക്കുകയാണ് സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള.

ഈ സിനിമയ്ക്ക് മൂന്നു കാലമുണ്ട്. ആദ്യത്തേത്ത് ഗോത്രജനതയുടെ ഭൂതകാലം, രണ്ടാമത്തേത് ഭൂതകാലത്തിന്റെ ദുരന്തം പേറുന്ന വർത്തമാനകാലം, ഭാവിയിലേക്കുള്ള അവരുടെ കുതിപ്പ്.

അടിയന്തരാവസ്ഥയുടെ അമ്പതാണ്ടുകൾ പൂർത്തിയാകുന്ന ഈ വർഷം പുറത്തിറങ്ങിയ ചിത്രത്തിൽ അന്ന് നടന്നുവെന്ന് പറയുന്ന, വന്ധ്യംകരണ ക്യാമ്പുകളുടെ മറവിൽ നായ്ക്കരെയും അനധികൃതമായി വന്ധ്യംകരിച്ചുവെന്ന് സിനിമ പറയുന്നു. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ ശസ്ത്രക്രിയാ ടേബിളിൽ ആദിവാസി കിടക്കുന്നത് കാണിച്ചുകൊണ്ടുള്ള പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റോടെയാണ് സിനിമയുടെ തുടക്കം.

സ്വന്തം പിതാവിന്റെ പേരിൽ അഭിമാനിക്കുന്ന നരി മൊഞ്ചൻ എന്ന യുവാവിന്റെ സ്വത്വാന്വേഷണമാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്.ഒപ്പം ഇണവേട്ടയുടെ കഥയും. കാട്ടിൽ സ്ത്രീകൾ കുറയുന്നുവെന്ന സത്യം കൂടി സിനിമ പറയുന്നു.

ബെല്ലയാണ് നരിയുടെ പെണ്ണ്.പക്ഷെ, തന്റെ ഗോത്രനിയമമെന്ന പേരിലുള്ള അന്ധവിശ്വസവും പരുക്കൻ പെരുമാറ്റവും അവൾ വെറുക്കുന്നു. പൂമാല എന്ന ചെറുപ്പക്കാരനുമായി അവൾ ഇഷ്ടത്തിലാകുന്നു. ഗോത്രനിയമമനുസരിച്ച് 14 ദിവസത്തേക്ക് അവർ ഉൾക്കാട്ടിലേക്ക് പോകുന്നു.നരിക്ക് അവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൂമാലയ്ക്കും ബെല്ലയ്ക്കും വിവാഹം കഴിക്കാം.നരി അവരെ കണ്ടെത്തുന്നു. പക്ഷെ ബെല്ലയുടെ വാക്കുകൾ അയാളെ സ്വന്തം വേരുകളെന്വേഷിക്കാൻ പ്രേരിപ്പിക്കുന്നു.

ഏറ്റവും ഒടുവിൽ 'നങ്ക കാട്, നങ്ക വണ്ടി' എന്ന് പാട്ടുപാടി കാട്ടുവഴികളിലൂടെ ജീപ്പ് ഓടിച്ചുപോകുന്ന ചോലനായ്ക്കരെയാണ് കാണിക്കുന്നത്.

നിലമ്പൂർ വനത്തിന്റെ ഭംഗി

സിനിമയിൽ ഗോത്രസമൂഹത്തിന്റെ ജീവിതത്തിലേക്കും കാടിന്റെ വന്യതയിലേക്കും മുഹമ്മദിന്റെ ക്യാമറ സഞ്ചരിക്കുമ്പോൾ കാണികൾ ഒപ്പം കൂടുകയാണ്.ഉണ്ണികൃഷ്ണൻ ആവളയും ചോലനായ്ക്ക വിഭാഗത്തിൽ നിന്നുതന്നെയുള്ള വനോദ് ചെല്ലനും ചേർന്നാണ് തിരക്കഥയൊരുക്കിയത്. ഗോത്രജനതയെ അഭിനയം പഠിപ്പിച്ച് സിനിമ പൂർത്തിയാക്കിയതിന് കൂടിയാണ് സംവിധായകൻ കൈയടി നേടുന്നത്.

സംവിധായകൻ സംസാരിക്കുന്നു

?ഗോത്ര സമൂഹത്തെ സിനിമയുടെ ഭാഗമാക്കിയത്

ചോലനായ്ക്കരെ സിനിമയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു.

സ്‌നേഹത്തിലൂടെ ഒരു പാലം പണിയാനും, ഈ കഥാപാത്രങ്ങൾ എന്താണെന്ന് അവരെ ബോദ്ധ്യപ്പെടുത്താനുമായി നടത്തിയ ശ്രമം വിജയിച്ചു. ചോലനായ്ക്ക വിഭാഗത്തിൽ നിന്ന് ആദ്യമായി ബിരുദം നേടി പി.എച്ച്.ഡി ചെയ്യുന്ന വിനോദ് ചലൻ സഹതിരക്കഥാകൃത്തായത് അതിന് സഹായിച്ചു.

? ക്ലൈമാക്സിൽ ഗോത്രവർഗക്കാർ ജീപ്പ് ഓടിച്ച് വരുന്ന ദൃശ്യം പറയുന്നത്

അവരുടെ വിപ്ലവകരമായ അതിജീവനമാണത്. പുറംലോകത്തിന്റെ ചൂഷണത്തിനുള്ള വാഹനമായിരുന്ന ജീപ്പ്, അവർ സ്വന്തമായി ഓടിച്ചു തുടങ്ങുമ്പോൾ, അത് അവരുടെ 'ചരിത്രത്തിലെ വിപ്ലവം' ആകുന്നു.

? ഇനി എന്താണ്?

ഈ സിനിമ ലോകം മുഴുവൻ കാണിക്കണം