ജില്ലാക്കോടതി വളപ്പിലെ ടോയ്ലറ്റ് ലഹരി സംഘത്തിന്റെ താവളം

Thursday 18 December 2025 7:48 AM IST

ആലപ്പുഴ: ജില്ലാക്കോടതി വളപ്പിലെ പൊതുടോയ്ലറ്റ് സാമൂഹ്യവിരുദ്ധരുടെയും ലഹരി സംഘത്തിന്റെയും വിഹാരകേന്ദ്രം. കഴിഞ്ഞ ദിവസം പത്തിലധികം സിറിഞ്ചുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ടോയ്ലറ്റിന്റെ വെന്റിലേഷൻ പടിയിലായിരുന്നു ലഹരി ഉപയോഗശേഷം വലിച്ചെറിഞ്ഞ നിലയിൽ ഇവ ഉണ്ടായിരുന്നത്. തികച്ചും വൃത്തിഹീനമായ ടോയ്ലറ്റിൽ പുരുഷന്മാർ ഉപയോഗിക്കുന്ന മുറിയിലാണ് സിറിഞ്ചുകൾ ഉണ്ടായിരുന്നത്. കൂട്ടിയിട്ടിരിക്കുന്നത് സൂചി ഉൾപ്പടെയുള്ള സിറിഞ്ചുകളാണ്. ലഹരി ഉപയോഗിക്കുന്നവർ ഇവ പുനരുപയോഗിക്കുന്നുണ്ടെങ്കിൽ എച്ച്.ഐ.വി അടക്കമുള്ള മാരക രോഗങ്ങൾ പകരാനും സാധ്യതയുണ്ട്.

സ്ത്രീകളുടെ ടോയ്ലറ്റും വർഷങ്ങളായി വൃത്തിഹീനമായി മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ജില്ലാ സെഷൻസ് കോടതി പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിന് പിന്നിലും, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റെ തെക്ക് വശത്തുമായാണ് പൊതുടോയ്ലറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്നാണ് കോടതി കാന്റീനും പ്രവർത്തിക്കുന്നത്. അഭിഭാഷകർക്കും ജീവനക്കാർക്കുമായി ഓഫീസുകളോട് ചേർന്ന് വേറെ ടോയ്ലറ്റുകളുണ്ട്.

ആകെ നാറ്റക്കേസ്

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന് സമീപമെത്തുമ്പോൾ തന്നെ പൊതുടോയ്ലറ്റിൽ നിന്നുള്ള ദുർഗന്ധം അനുഭവപ്പെടും. ഒരേ കെട്ടിടത്തിൽ തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ടോയ്ലറ്റുകളാണുള്ളത്. കരിയിലയും ചപ്പുചവറും നിറഞ്ഞ പിൻഭാഗത്ത് കൂടിവേണം സ്ത്രീകൾക്ക് പ്രവേശിക്കാൻ. ഒരു ടോയ്ലറ്റും വർഷങ്ങളായി ശുചീകരിച്ചിട്ടില്ലെന്ന് വ്യക്തം.

വിസർജ്യങ്ങളും മലിനജലവും ഉൾപ്പടെ നിറഞ്ഞുകിടക്കുന്ന അവസ്ഥയാണ്. നടപടികളുടെ ഭാഗമായി മണിക്കൂറുകളോളം കോടതിവളപ്പിൽ തങ്ങേണ്ടിവരുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവരുടെ ആശ്രയമാണ് ഈടോയ്ലറ്റുകൾ. കോടതിയിൽ നിന്ന് വിസ്താരം കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രതികളും, സാക്ഷികളും, ഒപ്പമെത്തുന്നവരും, പുറത്ത് പൊലീസ് കാവൽ നിൽക്കുന്ന വേളയിൽ പോലും ടോയ്ലറ്റിന്റെ വരാന്തയിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും പതിവാണെന്ന് ആക്ഷേപമുണ്ട്.