ചലച്ചിത്രമേള: അഞ്ച് സിനിമകൾക്ക് വിലക്ക്, മൂന്ന് സിനിമകൾ പ്രദർശിപ്പിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അഞ്ച് വിദേശ ചിത്രങ്ങൾക്ക് പ്രദർശാനുമതിയില്ല. നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന കാരണം പറഞ്ഞ് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. ബാക്കി 14 ചിത്രങ്ങളിൽ 12 എണ്ണത്തിന് അനുമതി നൽകി.
ഇന്ത്യൻ ചിത്രങ്ങളായ സന്തോഷ്, ഫ്ലൈയിംസ് എന്നിവയുടെ കാര്യത്തിൽ വാർത്താവിതരണ മന്ത്രാലയം തീരുമാനമെടുക്കും. ഇന്ത്യയിൽ തിയേറ്റർ റിലീസിന് അനുമതി നിഷേധിച്ച ഹിന്ദി ചിത്രമാണ് സന്ധ്യ സൂരി സംവിധാനം ചെയ്ത സന്തോഷ്. ഇന്തോന്യേഷ്യൻ ചിത്രം എ പോയറ്റ് : അൺ കൺസീൽഡ് പോയട്രി, ഫലസ്തീൻ ചിത്രങ്ങളായ ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു, ഈജിപ്ഷ്യൻ ചിത്രങ്ങളായ ക്ലാഷ്, ഈഗിൾസ് ഓഫ് ദി റിപ്ലബ്ലിക്, ഇസ്രായേലി ചിത്രം യെസ് എന്നിവയ്ക്കാണ് അനുമതി നിഷേധിച്ചത്.
അതേസമയം പ്രദർശനാനുമതി ലഭിക്കാത്ത യെസ്, ഈഗിൾസ് ഒഫ് ദ റിപ്പബ്ലിക്, ഫ്‌ളെയിംസ് എന്നിവ ഇന്നലെ പ്രദർശിപ്പിച്ചു. പാലസ്തീൻ ചിത്രങ്ങളായ പാലസ്തീൻ 36, വാജിബ്, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ എന്നിവ ഉൾപ്പെടേ 12 ചിത്രങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
സംഘാടകരുടെ
വീഴ്ചയെന്ന്
അതേസമയം ചിത്രങ്ങൾക്ക് കേന്ദ്രിനുമതി ലഭിക്കാത്തത് സംഘാടകരുടെ വീഴ്ച
നിമിത്തമാണെന്ന ആരോപണം ശക്തമായി. സംവിധായകൻ ഡോ ബിജുവിന് പിന്നാലെ സംഘാടക വീഴ്ച ആരോപിച്ച് ഐ.എഫ്.എഫ്.കെ മുൻ ആർടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ രംഗത്തുവന്നു. പ്രദർശിപ്പിക്കുന്ന സിനിമകളുടെ പട്ടികയും രേഖകളും നവംബർ ആദ്യമെങ്കിലും കേന്ദ്രത്തിന് സമർപ്പിക്കേണ്ടതായിരുന്നു. നടപടിക്രമങ്ങളിലെ വീഴ്ച മറയ്ക്കാൻ വിഷയത്തെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്നും ദീപിക സുശീലൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ആരോപണം ചലചിത്ര അക്കാഡമി നിഷേധിച്ചു.