എസ്കോർട്ട് പൊലീസിന്റെ ഔദാര്യമല്ല, കൂത്തുപറമ്പിലും തളിപ്പറമ്പിലും ജയിലുകൾ നിർമ്മിക്കുമെന്ന് ഋഷിരാജ് സിംഗ്
Thursday 10 October 2019 9:54 AM IST
കണ്ണൂർ: ഹൊസ്ദുർഗിലും വയനാട്ടിലും ജില്ലാ ജയിലുകൾ നിർമ്മിക്കുന്നതിനൊപ്പം കൂത്തുപറമ്പിലും തളിപ്പറമ്പിലും ജയിൽ നിർമ്മാണം ഉടൻ തുടങ്ങുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരോൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ മതിയായ അന്വേഷണത്തിന് ശേഷമാണ് നൽകുന്നതെന്ന് ഉറപ്പാക്കും. പരോൾ നിഷേധിക്കുന്ന തരത്തിൽ ലഭിക്കുന്ന പൊലീസ് റിപ്പോർട്ടുകൾ പുനഃപരിശോധിക്കാൻ ജില്ലാ പൊലീസ് മേധാവികളോട് ആവശ്യപ്പെടും. തടവുകാർക്ക് കോടതിയിൽ പോകുമ്പോൾ നൽകുന്ന എസ്കോർട്ട് പൊലീസിന്റെ ഔദാര്യമല്ല. തടവുകാരന്റെ അവകാശമാണെന്ന തിരിച്ചറിവുണ്ടാകണം. ജയിലുകൾ വിനോദ സഞ്ചാരകേന്ദ്രമാക്കുന്നതിനോട് യോജിപ്പില്ലെന്നും തടവുകാരെ കാഴ്ചവസ്തുക്കളാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഡി.ജി.പി പറഞ്ഞു.