ധനുമാസ കുളിരിൽമൂടിപ്പുതച്ച് പോതമേട് വ്യൂ പോയിന്റ്

Thursday 18 December 2025 1:36 AM IST

മൂന്നാർ:മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുകയാണ് പോതമേട് വ്യൂ പോയിന്റ്..മൂന്നാറിന്റെ കുളിരിൽ തേയിലത്തോട്ടങ്ങളുടെയും ചുറ്റുമുള്ള മലനിരകളുടെയുമൊക്കെ കാഴ്ച്ചകളെ കൂടുതൽ വർണ്ണാഭമാക്കുകയാണ്. ധനുമാസത്തുടക്കത്തിൽത്തന്നെ തണുപ്പിന്റെ കാഠിന്യം കൂടിയതോടെ സഞ്ചാരികൾ കൂടുതലായി ഇവിടേയ്ക്ക് എത്തുമെന്ന പ്രതീക്ഷയാണുള്ളത്. .ആറ്റുകാടിന്റെയും പള്ളിവാസലിന്റെയുമൊക്കെ പരന്നകാഴ്ച്ചകൾക്കപ്പുറം കണ്ണെത്താ ദൂരത്തോളം ഹൈറേഞ്ചിന്റെ ദൂരകാഴ്ച്ചകൾക്ക് ഇടമൊരുക്കുന്നിടം കൂടിയാണ് പോതമേട് വ്യൂപോയിന്റ്.ഇടക്കിടെ കാഴ്ച്ച മറച്ച് കോടമഞ്ഞ് വന്ന് മൂടും.ഇവിടെ നിന്നുള്ള ഉദയാസ്തമയ കാഴ്ച്ചകളും മനോഹരമാണ്.സ്വദേശിയരും വിദേശിയരുമായ വിനോദ സഞ്ചാരികൾ പോതമേട് വ്യൂപോയിന്റിൽ എത്തി ദൂരേക്കുള്ള കാഴ്ച്ചകൾ കണ്ടങ്ങനെ ഇവിടെ ഇരിക്കാറുണ്ട്.മൂന്നാറിന്റെ കുളിരിനും ഒരു ചൂട് ചായക്കുമൊപ്പം പോതമേടിന്റെ കാഴ്ച്ചവട്ടം കൂടിയാകുമ്പോൾ മനസിന് സംതൃപ്തി ആവോളമെന്ന് സഞ്ചാരികൾ പറയുന്നു.പഴയ മൂന്നാറിന് സമീപമുള്ള ഹെഡ് വർക്ക്സ് അണക്കെട്ടിന് മുകളിലൂടെയാണ് പോതമേട് വ്യൂപോയിന്റിലേക്കുള്ള യാത്ര.മൂന്നാർ ടൗണിനോട് ചേർന്ന് കിടക്കുന്ന പ്രദേശം.ട്രക്കിംഗ് ജീപ്പുകളിലും സ്വന്തം വാഹനങ്ങളിലുമൊക്കെ സഞ്ചാരികൾ പോതമേട് വ്യൂപോയിന്റിലേക്കെത്താറുണ്ട്.. തണുപ്പ് കൂടിയിട്ടും കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിനോദ സഞ്ചാരികളുടെ എണ്ണം ശരാശരി മാത്രമാണ് .കഴിഞ്ഞവർഷത്തിൽ ഡിസംബർ പകുതി എപ്പോൾ മുതൽ തിരക്ക് വർധിച്ച് താമസിക്കാൻ മുറികൾ കിട്ടാത്ത അവസ്ഥയാണുണ്ടായിരുന്നത്