"തകിടിനുള്ളിലെ ഭസ്‌മം കലക്കികുടിക്കാൻ ആവശ്യപ്പെടാറില്ല": ജോളിയെ അറിയില്ല, റോയ് വന്നകാര്യം അറിയില്ലെന്നും ജോത്സ്യൻ

Thursday 10 October 2019 10:37 AM IST

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതിയായ ജോളിയെ അറിയില്ലെന്ന് അന്വേഷണം നേരിടുന്ന ജോത്സ്യൻ കൃഷ്ണകുമാർ പറഞ്ഞു. താൻ ആളുകൾക്ക് തകിട് പൂജിച്ച് നൽകാറുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു. തകിടിനുള്ളിൽ ഭസ്മമാണ്, അത് കലക്കികുടിക്കാൻ ആരോടും ആവശ്യപ്പെടാറില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. ജോളിയുടെ ആദ്യ ഭർത്താവ് റോയ് വന്നിരുന്നോ ഇല്ലയോ എന്ന് അറിയില്ലെന്നും വന്നു പോകുന്നവരുടെ രജിസ്റ്റർ രണ്ടുവർഷത്തിൽ കൂടുതൽ സൂക്ഷിക്കാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. പൊലീസുമായി ഏത് തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈംബ്രാഞ്ചിൽ നിന്നും ഒരുകേസിന്റെ കാര്യമാണെന്നു പറഞ്ഞ് ഒരിക്കൽ വിളിച്ചതല്ലാതെ പിന്നീട് ആരും വിളിച്ചിട്ടില്ലെന്നും ജോത്സ്യൻ വ്യക്തമാക്കി. മരിച്ച റോയിയുടെ ശരീരത്തിൽ ഏലസ് ഉണ്ടായിരുന്നുവെന്നും ജോത്സ്യൻ നൽകിയ ചില പൊടികൾ റോയ് കഴിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ, ജോളിയും റോയ് തോമസും ജോത്സ്യനെ പലവട്ടം സമീപിച്ചിരുന്നെന്നാണ് സൂചന. പകൽ സമയങ്ങളിൽ അധികം പുറത്തിറങ്ങാത്ത ജോത്സ്യൻ വൈകിട്ട് ഏഴ് മണിയോടെ തിളങ്ങുന്ന വസ്ത്രങ്ങളും സ്വർണാരണങ്ങളുമണിഞ്ഞ് അമിതമായി മേക്കപ്പിട്ട് കട്ടപ്പന ടൗണിൽ വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. അങ്ങനെയാണ് പുട്ടിസാമി എന്ന പേര് വീണത്. നാട്ടിൽ അധികം പേരുമായി ബന്ധമില്ലാത്ത ഇയാളെ കാണാനെത്തുന്നവരിലധികവും അന്യനാട്ടുകാരാണ്. കട്ടപ്പന ടൗണിൽ തന്നെയുള്ള വീടിന്റെ ഒരു മുറിയിലാണ് പൂജകളും മറ്റും ചെയ്യുന്നത്. ഈ വീടിനോട് ചേർന്ന് വർഷങ്ങളായി വലിയൊരു വീട് പണിയുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല. അവിവാഹിതനാണ്.