അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷയില്ലാതെ ഭക്ഷ്യവില്പന

Thursday 18 December 2025 1:52 AM IST

വെള്ളറട: അതിർത്തി ഗ്രാമങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധന നിലച്ചതോടെ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുകളുടെ വിൽപ്പന വ്യാപകമാകുന്നു. പരിശോധന നിലച്ചിട്ട് മാസങ്ങളായി. ആരോഗ്യവകുപ്പ് അതികൃതരും പരിശോധന നടത്തുന്നില്ല. വിഷം കലർന്ന ഭക്ഷ്യവസ്തുക്കളാണ് ഗ്രാമങ്ങളിൽ വ്യാപകമായി വിൽപ്പനയ്ക്കെത്തുന്നത്. അതിർത്തി കടന്നെത്തുന്ന ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. തമിഴ്നാട്ടിൽ നിന്നും വ്യാപകമായാണ് പാൽ ഉത്പന്നങ്ങളും വിവിധതരത്തിലുള്ള ശീതളപാനീയങ്ങളും അച്ചാറുകളും വിൽപ്പനയ്ക്ക് എത്തുന്നത്.

ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്ക് എത്തുന്നതിനു മുമ്പ് ഉത്പാദന കേന്ദ്രങ്ങളിൽ വച്ചുതന്നെ ഗുണനിലവാരം പരിശോധിക്കേണ്ട നടപടി ഉണ്ടാകണം. വ്യാജ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന തടയാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പഴകിയ മത്സ്യങ്ങൾ വില്പനയ്ക്ക്

പ്രധാന മത്സ്യച്ചന്തകളിൽ വിൽപ്പനയ്ക്കെത്തുന്ന മത്സ്യങ്ങളിൽ ഏറെയും മാസങ്ങൾ കഴിഞ്ഞതാണ്. ചീഞ്ഞ മത്സ്യങ്ങൾ രാസവസ്തുകൾ ചേർത്ത് കൊണ്ടുവന്ന് കച്ചവടം ചെയ്യുന്നു. വില കുറച്ച് കിട്ടുന്നതിനാൽ ഹോട്ടലുകളിൽ പോലും ചീഞ്ഞ മത്സ്യമാണ് വാങ്ങി പാകം ചെയ്ത് വിൽക്കുന്നത്.

അധിക‌ൃതർ ഉണർന്ന് പ്രവർത്തിക്കണം മലയോര അതിർത്തി ഗ്രാമങ്ങളിൽ മായം കലർന്ന ഭക്ഷണ പദാർത്ഥങ്ങളാണ് വിൽക്കുന്നത്. മുൻ കാലങ്ങളിൽ ആരോഗ്യവകുപ്പ് കാര്യമായ പരിശോധനകൾ നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷാനിയമം കർശനമാക്കിയാലേ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കാര്യമായ പരിശോധന നടത്തി നിയമ നടപടികൾ സ്വീകരിക്കാൻ കഴിയൂ. മലയോര പ്രദേശങ്ങളെ പൂർണ്ണമായും ഒഴിവാക്കിയാണ് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തുന്നത്.

അന്യസംസ്ഥാന ലോബികൾ പിടിമുറുക്കുമ്പോൾ

തമിഴ്നാട്ടിൽ നിന്നും അതിർത്തി റോഡുകളിലൂടെ പരിശോധനയില്ലാതെ കശാപ്പിന് കന്നുകാലികളെ കൊണ്ടുവരുന്നുണ്ട്. അനധികൃത കശാപ്പുശാലകളിൽ രോഗബാദ്ധ്യതയുണ്ടോ എന്ന പരിശോധന പോലും ഇല്ലതെയാണ് മാംസമാക്കി വിൽപ്പന നടത്തുന്നത്.

ക്രിസ്മസ്, ന്യൂ-ഇയർ ലക്ഷ്യമാക്കി അന്യസംസ്ഥാനങ്ങളിൽ നിന്നും കവറിലും കുപ്പികളിലും നിറച്ച ഭക്ഷ്യ വസ്തുക്കൾ എത്തുന്നുണ്ട്. ഇവയുടെ പുറത്ത് ഉത്പാദിപ്പിച്ചവരുടെ പേരോ മേൽവിലാസമോ ഇല്ല. എത്രദിവസം ഉപയോഗിക്കാൻ പറ്റുമെന്നുപോലും രേഖപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഭക്ഷ്യ വസ്തുക്കൾക്ക് കച്ചവടക്കാർക്ക് ഏറെ ലാഭം ലഭിക്കുന്നതുകാരണം വിൽക്കാനും ആവേശമാണ്.