ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: വയോധികയ്ക്ക് 6.38 കോടി നഷ്ടം

Thursday 18 December 2025 2:30 AM IST

കൊച്ചി: ഇളംകുളം സ്വദേശിയായ 77കാരിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ 6.38 കോടി രൂപ തട്ടിയെടുത്തു. മുംബയ് പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് തട്ടിപ്പുകാർ വഞ്ചിച്ചതെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു.

ഫോൺ കോളുകളിലൂടെയും വാട്‌സാപ്പിലൂടെയുമാണ് പ്രതികൾ പരാതിക്കാരിയെ ബന്ധപ്പെട്ടത്. ബാങ്ക് അക്കൗണ്ടുകൾ പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അടിയന്തര പരിശോധന ആവശ്യമാണെന്നും പരാതിക്കാരിയെ അറിയിച്ചു. പിന്നീട് ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിൽ ഭീഷണിപ്പെടുത്തി പരാതിക്കാരിയിൽ നിന്ന് വിവിധ ഗഡുക്കളായി 6,38,21,864 രൂപ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു. ഒക്ടോബർ മൂന്ന് മുതൽ ഡിസംബർ 16 വരെയുള്ള കാലയളവിലാണ് പണമിടപാടുകൾ നടന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി സൈബർ പൊലീസ് മൂന്ന് പേർക്കെതിരെ വിശ്വാസവഞ്ചനയ്ക്കും തട്ടിപ്പിനും കേസെടുത്തു. പ്രതികൾ വ്യാജ പേരുകളിലാണ് പരാതിക്കാരിയെ ബന്ധപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.