കാർ യാത്രികരെ സ്വകാര്യബസ് ഡ്രൈവർ ആക്രമിച്ചതായി പരാതി

Thursday 18 December 2025 4:32 AM IST

ആമ്പല്ലൂർ: കാർ യാത്രികരെ സ്വകാര്യ ബസ് ഡ്രൈവർ ആക്രമിച്ചതായി പരാതി. ഇന്നലെ ഉച്ചയോടെ ആമ്പല്ലൂർ സെന്ററിലായിരുന്നു സംഭവം. തൃശൂരിൽ നിന്നും പാലപ്പിള്ളിക്ക് പോയിരുന്ന സ്വകാര്യബസും അതേദിശയിൽ പോയിരുന്ന കാർ യാത്രക്കാരെയാണ് ബസ് ഡ്രൈവർ ആക്രമിച്ചത്. ആമ്പല്ലൂർ സെന്ററിൽ സൈക്കിൾ യാത്രികൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ നിറുത്തുകയും പിറകിലൂടെയെത്തിയ ബസ് വന്ന് കാറിന് പിറകിൽ തട്ടുകയുമായിരുന്നു. തുടർന്ന് യാത്ര തുടർന്ന കാറിനെ മറികടന്നെത്തിയ ബസ് ഡ്രൈവർ ബസ് നിറുത്തി കാറിന്റെ മിറർ ഒടിക്കുകയും ഡ്രൈവറെ മർദ്ദിച്ചെന്നും പറയുന്നു. പുതുക്കാട് പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തെ തുടർന്ന് സമയം നഷ്ടപ്പെട്ട ദേഷ്യത്തിലാണ് കാർ ആക്രമിച്ചതെന്ന് പറയുന്നു.